thrissur local

കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

മാള: ഐഎസ്ഒ മികവില്‍ കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത്. സമ്പൂര്‍ണ്ണ ഗുണമേന്‍മ നയത്തിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ പരിഷ്‌ക്കാരങ്ങള്‍ പരിഗണിച്ചാണ് ഐഎസ്ഒ 9001-2015 അംഗീകാരം ലഭിച്ചത്.
ഓഫിസ് സംവിധാനം ജനസൗഹൃദമാക്കല്‍, പൗരാവകാശ രേഖ  പ്രകാരം സേവനങ്ങള്‍ നല്‍കല്‍, നികുതി പിരിവ്, പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ കാര്യക്ഷമത, മികച്ച ഫ്രണ്ട് ഓഫിസ് സംവിധാനം രേഖകളും പ്രമാണങ്ങളും എളുപ്പത്തില്‍ ലഭ്യമാകും വിധമുള്ള റെക്കോഡ് റൂം സജ്ജീകരണം എന്നിവയാണ് ബാഗ്ലൂര്‍ ആസ്ഥാനമായുള്ള ഐക്യൂഎസ് സര്‍ട്ടിഫിക്കേഷന്‍ ബോഡി പരിശോധനാ വിധേയമാക്കിയത്. അപേക്ഷകള്‍ ഫ്രണ്ട് ഓഫിസില്‍ സ്വീകരിച്ച് തുടര്‍ നടപടികള്‍ പൊതുജനത്തെ അറിയിക്കുവാന്‍ എസ്എംഎസ്, ടച്ച് സക്രീന്‍, എയര്‍ കണ്ടീഷന്റ് ഫ്രണ്ട് ഓഫിസ്, ഫ്രണ്ട്  ഓഫിസില്‍ സേവനങ്ങള്‍ തേടിയെത്തുന്നവര്‍ക്ക് ഇരിപ്പിട സൗകര്യങ്ങള്‍, കുടിവെള്ളം, ടോക്കന്‍ മെഷീന്‍, വായന കോര്‍ണര്‍, ടെലിവിഷന്‍ മ്യൂസിക് സിസ്റ്റം, സേവന ബോര്‍ഡുകള്‍, ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള മികച്ച ആശയ വിനിമയം എന്നിവയും പഞ്ചായത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരണങ്ങളാണ്. ജനന മരണ വിവാഹ സാക്ഷ്യപത്രങ്ങള്‍, ഉടമസ്ഥാവകാശ താമസ സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ എന്നിവ ഓ ണ്‍ ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാകുന്നത് പൊതുജനങ്ങള്‍ക്ക് ഓഫിസില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാന്‍ സഹായകമാണ്. നികുതികള്‍ ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ അടക്കുവാന്‍ സാധിക്കുന്നത് ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായിട്ടുണ്ട്.
പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങള്‍ സകര്‍മ്മ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ കഴിയും. പഞ്ചായത്ത് മൊബൈല്‍ ആപ്പ് തയ്യാറായി വരികയാണ്. കുഴൂര്‍ പഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ അംഗീകാരത്തിന്റെ പ്രഖ്യാപനവും അവാര്‍ഡ്  ജേതാക്കളെ ആദരിക്കലും കുഴൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശാന്താകുമാരി അധ്യക്ഷത വഹിച്ചു. ഡോ. റോസ് മേരി വില്‍സണ്‍, എന്‍ ഡി പോള്‍സണ്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. സെക്രട്ടറി പി എം ഹസീബലി സംസാരിച്ചു.
Next Story

RELATED STORIES

Share it