kasaragod local

കുഴി അടച്ചില്ല; പള്ളത്തടുക്ക പാലം അപകടാവസ്ഥയില്‍

ബദിയടുക്ക: കുഴി അടക്കാത്തത് മൂലം പള്ളത്തടുക്ക പാലം അപകട നിലയിലേക്ക്. ആദ്യ മഴയില്‍ തന്നെ പള്ളത്തടുക്ക പാലത്തിന് മുകളിലെ കുഴികളില്‍ വെള്ളം നിറഞ്ഞു. വാഹന ഗതാഗതത്തിന് തടസ്സമാകുന്ന നിലയിലാണ് വെള്ളം കെട്ടി നിന്നിട്ടുള്ളത്. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ പ്രധാന പാലമാണ് പള്ളത്തടുക്ക പാലം. നേരത്തെ ചെര്‍ക്കള മുതല്‍ അഡ്ക്കസ്ഥല വരെ മുന്നു ഘട്ടങ്ങളായി കുഴികള്‍ അടച്ചിരുന്നു.ചെര്‍ക്കള മുതല്‍ നെല്ലിക്കട്ട വരെയും നെല്ലിക്കട്ട മുതല്‍ ഉക്കിനടുക്ക വരേയും ഉക്കിനടുക്കയില്‍ നിന്നും അഡ്ക്കസ്ഥല വരെയുള്ള കുഴികള്‍ അടക്കുന്നതിനായി തുക അനുവദിച്ചത്.
ചെര്‍ക്കള മുതല്‍ നെല്ലിക്കട്ട വരെയുള്ള റോഡിലെ കുഴി അടക്കുന്നതിന് 25 ലക്ഷവും ഉക്കിനടുക്കയില്‍ നിന്നും അഡ്ക്കസ്ഥലം വരെയുള്ള റോഡിലെ കുഴി അടക്കുവാന്‍ 15 ലക്ഷവും അനുവദിച്ചിരുന്നു.എന്നാല്‍ കുഴികള്‍ പൂര്‍ണ്ണമായും അടച്ചില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. അത്‌പോലെ തന്നെ പള്ളത്തടുക്ക പാലത്തിലെ കുഴികള്‍ അടച്ചില്ലെന്ന് മാത്രമല്ല പാലത്തിന്റെമുകളിലെ ചില സ്ഥലങ്ങളില്‍ ടാറിങ്് ഇളക്കി മാറ്റി കുഴി അടച്ചതായി വരുത്തി തീര്‍ക്കുകയായിരുന്നു. ഇതാണ് പാലത്തിന്റെ മുകളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് മൂലം പാലത്തിന് ബലക്ഷയമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it