കുഴിയെടുക്കവെ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

മുണ്ടക്കയം/പെരുവന്താനം: വീട് നിര്‍മാണത്തിനായി തറ കെട്ടുന്നതിന് കുഴിയെടുത്തുകൊണ്ടിരിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. നെടിയോരം ചെരിപുറത്ത് പരേതനായ രവീന്ദ്രന്റെ മകന്‍ സി ആര്‍ രതീഷ്‌മോന്‍(25), കേഴപ്ലാക്കല്‍ വിജയന്‍(35) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നെടിയോരത്താണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്നു രണ്ട് മണിക്കൂറിലധികം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
തറകെട്ടുന്നതിനായി 10 അടി താഴ്ചയില്‍ കുഴിയെടുത്തുകൊണ്ടിരിക്കേ കുഴിക്കരികിലായി കൂട്ടിയിട്ടിരുന്ന മണ്ണും കരിങ്കല്ലും ഇടിഞ്ഞ് കുഴിയിലേ—ക്ക് വീഴുകയായിരുന്നു. കുഴിക്കകത്ത് നില്‍ക്കുകയായിരുന്ന രതീഷും വിജയനും ഓടി മാറാന്‍ ശ്രമിച്ചെങ്കിലും മണ്ണിടിഞ്ഞ് ദേഹത്തേ—ക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പീരുമേട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍നിന്നു ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ സംഭവസ്ഥലത്തേ—ക്ക് ഫയര്‍ഫോഴ്‌സിന്റെ വാഹനം എത്താതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മണ്ണുനീക്കി ഒരു മണിക്കൂറിനു ശേഷം രതീഷിന്റെ മൃതദേഹം കണ്ടെടുത്തു. വീണ്ടും അര മണിക്കൂറിനു ശേഷമാണ് വിജയന്റെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശോഭയാണ് രതീഷിന്റെ മാതാവ്. രേഖ, രമ്യ എന്നിവര്‍ സഹോദരങ്ങളാണ്. വിജയന്റെ ഭാര്യ അമ്പിളി. മക്കള്‍: അക്ഷയ, അശ്വതി.
Next Story

RELATED STORIES

Share it