Flash News

കുഴിയില്‍ ഇറങ്ങി നിന്ന് വനിതകളുടെ പ്രതിഷേധം



ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്റെ കൃഷിഭൂമിയേറ്റെടുക്കലിനെതിരേ വനിതകളുടെ വേറിട്ട പ്രതിഷേധം. നിന്ദാര്‍ ഗ്രാമത്തിലെ 1300 ബിഗാസ് ഭൂമി ജയ്പൂര്‍ വികസന അതോറിറ്റി അധികൃതര്‍ ഏറ്റെടുക്കുന്നതിനെതിരേയാണ് 650 വനിതകള്‍ വേറിട്ട പ്രതിഷേധം കാഴ്ചവച്ചത്. ഏറ്റെടുക്കാനിരിക്കുന്ന ഭൂമിയില്‍ കുഴി കുത്തി അതില്‍ ഇറങ്ങി നിന്നായിരുന്നു വനിതകളുടെ പ്രതിഷേധം. തങ്ങളുടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി നിര്‍ദിഷ്ട ഭൂമിയിലാണ് പ്രതിഷേധക്കാര്‍ ദീപാവലി ആഘോഷിച്ചതും പൂജ നടത്തിയതും. 19 ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. കൃഷിഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഗ്രാമവാസികള്‍ നയിക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തങ്ങള്‍ സമരം നടത്തുന്നതെന്നു നിന്ദാര്‍ ബച്ചാവോ യുവ കിസാന്‍ സംഘര്‍ഷ് സമിതി നേതാവ് സിങ് ഷെഖാവത്ത് പറഞ്ഞു. ഇനിയും തങ്ങളെ ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും സിങ് വ്യക്തമാക്കി. 2011ല്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം നിര്‍ദിഷ്ട സ്ഥലത്ത് 10,000 വീടുകള്‍ നിര്‍മിക്കാനാണ് സ്ഥലം ഏറ്റെടുക്കുന്നതെന്നും സ്ഥലമുടമകള്‍ക്ക് 60 കോടി രൂപ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഈ തുക വിപണിവിലയേക്കാള്‍ വളരെ തുച്ഛമാണെന്നും ഇതു സ്വീകരിക്കാന്‍ തയ്യാറല്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. അതേസമയം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സും രംഗത്തെത്തി. പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും അവരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഒരാഘോഷ വേളയില്‍ അവകാശങ്ങള്‍ക്കായി ഇത്തരം പ്രതിഷേധം നടത്തേണ്ട അവസ്ഥ മോശമാണെന്നും കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് പറഞ്ഞു.
Next Story

RELATED STORIES

Share it