malappuram local

കുഴിമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ നാളെ കടകള്‍ അടച്ച് ശുചിത്വ ഹര്‍ത്താല്‍



കൊണ്ടോട്ടി: കുഴിമണ്ണ ഗ്രാമപ്പഞ്ചായത്തില്‍ നാളെ രാവിലെ മുതല്‍ ഉച്ചവരെ ശുചിത്വഹര്‍ത്താല്‍ ആചരിക്കും. കടകളും സ്ഥാപനങ്ങളും അടച്ചിട്ട് ശുചീകരണ പ്രവൃത്തികള്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് ശുചിത്വ ഹര്‍ത്താല്‍ ആചരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബശ്രീ യൂനിറ്റിനുകീഴിലും ഏറ്റവും ശുചിത്വമുള്ള മൂന്ന് വീടുകള്‍ക്ക് സമ്മാനം നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, സിഡിഎസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കമ്മിറ്റി വീടുകളില്‍ സന്ദര്‍ശനം നടത്തും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പഞ്ചായത്തിലെ മുഴുവന്‍ തോടുകളും ഓടകളും 31നകം ശുചീകരിക്കും. സ്‌കൂളുകളിലെ ശുചിമുറി, അടുക്കള, പരിസരം എന്നിവയും ശുചീകരിക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കുടിവെള്ള സ്രോതസ്സുകളുടെ ഗുണമേന്‍മ പരിശോധിച്ചുറപ്പാക്കും. ഇതരസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിച്ച് 31ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്യാംപ് നടത്തും. മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനമൊരുക്കാന്‍ ക്വാട്ടേഴ്‌സ് ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊതുകുനശീകരണത്തിനു പ്രജനന നിയന്ത്രണത്തിനും പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചു. മലിന ജലം കെട്ടിക്കിടക്കുന്ന വസ്തുക്കള്‍ നീക്കംചെയ്യും. ചിരട്ട, പാള, തൊണ്ട് തുടങ്ങിയവ നീക്കംചെയ്യാന്‍ തോട്ടമുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലബ് പ്രവര്‍ത്തകര്‍ ഓരോ പ്രദേശത്തെയും ശുചിത്വം ഉറപ്പാക്കുന്നതിന് നേതൃത്വം നല്‍കും. ജൂണ്‍ അഞ്ചിന് ഏല്ലാ സ്ഥാപനങ്ങളിലും ശുചീകരണവും വൃക്ഷത്തൈ നടീലും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ പി കെ മൂസ, സെക്രട്ടറി യോഗീന്ദ്ര ദേവന്‍, വി കെ മമ്മുണ്ണി, ഉമ്മുസല്‍മ, അബൂബക്കര്‍ സിദ്ധീഖ്, ആലങ്ങല്‍ അബ്ദുല്‍ അസീസ്, എം കെ അലി, കെ ശിവദാസന്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it