Flash News

കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം

മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് കുഴിബോംബുകള്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പരിശോധനയ്ക്കായി ചെന്നൈയില്‍ നിന്നുള്ള നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ വിദഗ്ധസംഘം ഇന്നലെ രാവിലെ മലപ്പുറം പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലിസ് ക്യാംപിലേക്കു മാറ്റിയ കുഴി ബോംബുകള്‍ പരിശോധിച്ചു. ബോംബുകള്‍ തല്‍ക്കാലം നിര്‍വീര്യമാക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. കുഴിബോംബുകള്‍ സൈന്യം ഉപയോഗിക്കുന്നവയാണെന്ന് മനസ്സിലായിട്ടുണ്ട്. അതിനാല്‍, സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ച ശേഷമേ തുടര്‍നടപടികളുണ്ടാവൂ. സംഭവത്തില്‍ മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കുഴി ബോംബുകളില്‍ പ്രത്യേക സീരിയല്‍ നമ്പറുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്ന് ഇവയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എആര്‍ ക്യാംപില്‍ അതീവ സുരക്ഷയിലാണു ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനിടെ മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഭാരതപ്പുഴയിലും തൊട്ടടുത്ത മിനിപമ്പയിലുമെത്തി തെളിവുകള്‍ ശേഖരിച്ചു. അതേസമയം, ബോംബുക ള്‍ ഏങ്ങനെ ഭാരതപ്പുഴയിലെ ത്തി എന്നതിനെക്കുറിച്ചു ദുരൂഹത തുടരുകയാണ്. സൈനിക കേന്ദ്രങ്ങളില്‍നിന്ന് ഇവ ഏതുമാര്‍ഗം പുറത്തുകടത്തിയതിനെക്കുറിച്ചും ആരാണ് ഇവ പുഴയില്‍ നിക്ഷേപിച്ചതെന്നുമാണ് പോലിസ് അന്വേഷിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ച ശേഷമേ ഇതേക്കുറിച്ചു വിശദാംശങ്ങള്‍ ലഭ്യമാവൂ. സംഭവത്തിനു പിന്നില്‍ വിധ്വംസക സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. സൈനികസംഘം തൊട്ടടുത്ത ദിവസം സ്ഥലത്തെത്തും. വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവായ ക്ലേമോര്‍ കുഴിബോംബുകളാണെന്നാണ് പ്രാഥമിക നിഗമനം. ശബരിമല ദര്‍ശനത്തിനു പോ വുന്നവരും ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരുമായ നൂറുക്കണക്കിനു അയ്യപ്പഭക്തര്‍ കുളിക്കുന്ന കടവിനടുത്തായിരുന്നു കുഴിബോംബുകള്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it