കുഴല്‍പ്പണം: ഒരു കോടി രൂപ സഹിതം രണ്ടു പേര്‍ പിടിയില്‍

തിരൂര്‍: വാഹന പരിശോധനയ്ക്കിടെ തിരൂരില്‍ ഒരു കോടി 4 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പണം ഒഴുകുന്നതായ വിവരത്തില്‍ തിരൂര്‍ ഡിവൈഎസ്പി ടി സി വേണുഗോപാലും തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാറും നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐ സുനില്‍ പുളിക്കലും സംഘവും നടത്തിയ വാഹന പരിശോധനയില്‍ തലക്കടത്തൂര്‍ പാലത്തിനു സമീപം വച്ചാണ് രണ്ടു പേര്‍ വലയിലായത്.
വെട്ടത്തൂര്‍ കണ്ണൊന്തൊടി കാവണ്ണ മുഹമ്മദ് നയീം (39), വെട്ടത്തൂര്‍ തുടിക്കോടന്‍ ഷൗക്കത്തലി(39) എന്നിവരാണ് പിടിയിലായവര്‍. ഇവര്‍ സഞ്ചരിച്ച സിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ മുന്‍ സീറ്റിലെ ബിഗ്‌ഷോപ്പറിലായിരുന്നു പണം ഒളിപ്പിച്ചു വച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. പണം സൂക്ഷിക്കാനായി കാറിന്റെ ഡാഷ് ബോര്‍ഡിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കിയതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. പണം ആര്‍ക്കു കൊടുക്കാനെത്തിച്ചതാണെന്ന വിവരം പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താലേ വ്യക്തമാകൂവെന്ന് പോലിസ് പറഞ്ഞു. പണം കൈമാറിയവരെ കുറിച്ച് അറിയാനായിട്ടില്ലെന്ന് ഡിവൈഎസ്പി വേണുഗോപാല്‍ പറഞ്ഞു. എസ്‌ഐ സുനില്‍ പുളിക്കല്‍, എഎസ്‌ഐ മുരളീധരന്‍, സിപിഒമാരായ രാജേഷ്, എസ് ജയകൃഷ്ണന്‍, സഹദേവന്‍, വനിതാ സിപിഒ ഷിജി, ഡിവൈഎസ്പിയുടെ അന്വേഷണ സംഘത്തിലെ എഎസ്‌ഐ പ്രമോദ്, സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it