Editorial

കുളിമുറിയില്‍ എല്ലാവരും നഗ്നരാവുമ്പോള്‍



പോണ്ടിച്ചേരിയില്‍ സ്വന്തം കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പു നടത്തിയെന്ന കുറ്റം ചുമത്തി കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ ഫൈസല്‍ കാരാട്ടിനെതിരായി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നിയമനടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്. ജനജാഗ്രതാ ജാഥയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് നിയമക്കുരുക്കിലേക്ക് നയിച്ചത്. ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്നില്ലായിരുന്നുവെങ്കില്‍ പ്രസ്തുത വാഹനങ്ങള്‍ കേരളത്തിലെ എല്ലാ ആര്‍ടി ഒാഫിസുകള്‍ക്കു മുമ്പിലൂടെയും ചീറിപ്പാഞ്ഞുകൊണ്ടിരുന്നേനെ. ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വഴി നികുതിവെട്ടിപ്പ് നടത്തുന്ന നിരവധി വാഹനങ്ങള്‍ കേരളത്തില്‍ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. അന്വേഷിച്ചുവന്നപ്പോള്‍ സിനിമാതാരങ്ങളായ ഫഹദ് ഫാസിലും അമലാ പോളും കുടുങ്ങി. കലാ-സാംസ്‌കാരിക-വാണിജ്യ-വ്യവസായ മണ്ഡലങ്ങളില്‍ വിരാജിക്കുന്ന ഒരുപാട് മാന്യദേഹങ്ങളുടെ നികുതി തട്ടിപ്പുകള്‍ ഇതോടെ പുറത്തുവരാനാണ് സാധ്യത. നാം കാത്തിരിക്കുക. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വലിച്ചുപുറത്തിടുന്നതു വരെയോ എതിരാളികള്‍ ആരോപണമുയര്‍ത്തുന്നതു വരെയോ ഇത്തരം നിയമലംഘനങ്ങള്‍ക്കു നേരെ അധികൃതര്‍ കണ്ണടച്ചത്? ഇതരസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ സംബന്ധിച്ച് ഇന്ത്യയില്‍  സമാന നിയമങ്ങളാണ്. മിക്കവാറും സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ഏറക്കുറേ കൃത്യമായി നടപ്പാക്കുന്നു. എന്നാല്‍ കേരളത്തില്‍ യാതൊരു നടപടിയും കൈക്കൊള്ളാറില്ല. വിദ്യാഭ്യാസവും പൗരബോധവും രാഷ്ട്രീയപ്രബുദ്ധതയും കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെ സംഭവിക്കുന്നത് ഒരു വൈരുധ്യമാണ്. സൂക്ഷ്മവിശകലനം നടത്തിയാല്‍ ഒരു കാര്യം ബോധ്യപ്പെടും. നമ്മുടെ വിദ്യാഭ്യാസ നിലവാരവും രാഷ്ട്രീയ പ്രബുദ്ധതയുമൊക്കെയാണ് നിയമലംഘനങ്ങള്‍ക്കു തുണയാവുന്നത്. കേരളത്തില്‍ ഒട്ടുമുക്കാല്‍ ആളുകള്‍ക്കും രാഷ്ട്രീയബന്ധങ്ങളും ഉദ്യോഗസ്ഥതലത്തില്‍ പിടിപാടുകളുമുണ്ട്. ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ നടത്താനും അഴിമതിയിടപാടുകള്‍ മൂടിവയ്ക്കാനും ആളുകള്‍ക്ക് സാധിക്കുന്നു. 'എഴുത്തും വായനയുമറിയാത്ത' ഇതരസംസ്ഥാനക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ 'ശുഭ്രവസ്ത്രധാരികളായ' നാം മലയാളികള്‍ പ്രബുദ്ധതയും രാഷ്ട്രീയബന്ധവുമൊക്കെ ഉപയോഗിച്ച് വ്യാപകമായി നിയമം ലംഘിക്കുന്നു. കാടു കൈയേറ്റവും കള്ളക്കടത്തും കരിങ്കല്‍ ക്വാറി ഖനനവുമെന്നു വേണ്ട, എല്ലാ കുറ്റകൃത്യങ്ങളും രാഷ്ട്രീയക്കാരുടെ തണലിലാണ് ഇവിടെ കൊഴുത്തുതടിക്കുന്നത്. ആളുകളെ ജനാധിപത്യബോധവും രാജ്യദ്രോഹവും പഠിപ്പിക്കുന്നതും ഇവര്‍ തന്നെ. രാഷ്ട്രീയക്കാരുടെ നിയമലംഘനങ്ങള്‍ക്ക് ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണം ലഭിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് തോമസ് ചാണ്ടി കേസ്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയുടെ സോളാര്‍ കേസ് മറ്റൊന്ന്. കുറച്ചുകാലം ആളുകള്‍ നടന്‍ ദിലീപിനെ കൂവിനടന്നു. ഈ കൂവലിനെ വരവേല്‍പ് വിളികളാക്കി മാറ്റാന്‍ ദിലീപിനും കൂട്ടുകാര്‍ക്കും എത്ര എളുപ്പത്തിലാണ് സാധിച്ചത്. ഈ തകിടംമറിച്ചിലിന് അനുയോജ്യമായ രീതിയിലാണ് മലയാളിയുടെ സൈക്ക് രൂപപ്പെട്ടിട്ടുള്ളത്. അതിനാല്‍, പ്രശ്‌നം മിനി കൂപ്പര്‍ കാറിന്റേത് മാത്രമല്ല; എല്ലാവരും നഗ്നരായ കുളിമുറിയുടേതാണ്.
Next Story

RELATED STORIES

Share it