thiruvananthapuram local

കുളത്തൂര്‍ മാര്‍ക്കറ്റില്‍ നിന്ന് ഉഗ്രസ്‌ഫോടന ശേഷിയുള്ള നാടന്‍ ബോംബുകള്‍ കണ്ടെത്തി

കുളത്തൂര്‍: നഗരസഭാ ആറ്റിപ്ര സോണല്‍ ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുളത്തൂര്‍ മാര്‍ക്കറ്റില്‍ നിന്ന് ശക്തിയേറിയ നാടന്‍ ബോംബുകളുടെ ശേഖരം കണ്ടെത്തി. ഇന്നലെ രാവിലെ 8.30ന് ചന്തയില്‍ കച്ചവടം നടത്തുന്ന വീട്ടമ്മയാണ് പ്ലാസ്റ്റിക് ക്യാരിബാഗില്‍ ഒളിപ്പിച്ച നിലയില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കച്ചവടക്കാര്‍ തുമ്പ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് ചന്തയിലെ കച്ചവടക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. 10 മണിയോടെ ബോംബ് സ്‌കോഡിന്റെ സഹായത്തോടെ ബോംബുകള്‍ നിര്‍വിര്യമാക്കി. ഉഗ്രസ്‌ഫോടന ശേഷിയുള്ള 10 നാടന്‍ ബോംബുകളാണ് ക്യാരിബാഗിനുള്ളില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടുവരെ മഴ ഉണ്ടായിരുന്നതിനാല്‍ അതിനു ശേഷമാവാം ബോംബുകള്‍ കൊണ്ടുവച്ചതെന്ന അനുമാനത്തിലാണ് പോലിസ്. ഏറെക്കാലമായി കുളത്തൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചില സാമുഹിക വിരുദ്ധര്‍ ശേഖരിച്ചുവച്ചതാവാം ഇവയെന്നാണ് സംശയം. എന്നാല്‍ കുളത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി സംഘട്ടനവുമായി ബന്ധപ്പെട്ടാണ് ബോംബുകള്‍ എത്തിച്ചതെന്നും പറയപ്പെടുന്നു. അരശുംമൂട്ടില്‍ അടുത്തിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാവാം ബോംബുകള്‍ ശേഖരിച്ചതെന്നും പറയപ്പെടുന്നു. രാത്രികാലങ്ങളില്‍ മാര്‍ക്കറ്റിനുള്ളിലും പരിസരപ്രദേശങ്ങളിലും സാമുഹികവിരുദ്ധര്‍ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സംഘംചേര്‍ന്ന മദ്യപാനവും തമ്മില്‍ത്തല്ലും അസഭ്യം പറച്ചിലും പതിവാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ തുമ്പ പോലിസിന് നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും പോലിസ് പരിശോധന നടത്തി. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദനന്‍, തുമ്പ എസ്‌ഐ ജയസനല്‍, കഴക്കൂട്ടം എസ്‌ഐ സാഗര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it