Kollam Local

കുളത്തൂപ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം കാല്‍പാടുകള്‍ കണ്ടെത്തി

കുളത്തുപ്പുഴ:പ്രദേശവാസികളില്‍ ഒരാള്‍ പുലിയെ കണ്ടതായി അറിയിച്ചതോടെ കുളത്തൂപ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം ഉറപ്പായി. കുളത്തുപ്പുഴ ആശാരികോണം ജനവാസ മേഖലയിലാണ് ഒരാള്‍ പുലിയെ കണ്ടതായി അറിയിച്ച് രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ആശാരികോണത്ത് മന്‍സൂര്‍ ആണ് പുലിയെ കണ്ടതായ അറിയിച്ച് ബഹളം വച്ച് നാട്ടുകാരെ കൂട്ടിയത്. ബൈക്കില്‍ വീടിന് സമീപം എത്തവെ ഇടവഴിയില്‍ പുലിനില്‍ക്കുന്നതായി ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍  കാണുകയായിരുന്നു. ഹോണ്‍ മുഴക്കിയും ബഹളം വെച്ചും നാട്ടുകാരെ കൂട്ടാന്‍ ശ്രമിക്കവെ പുലി തൊട്ടടുത്ത മതില്‍ ചാടികടന്ന് മറയുകയായിരുന്നെന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരോട് മന്‍സൂര്‍ വ്യക്തമാക്കി. അഞ്ചല്‍ വനം റെയ്ഞ്ച്  വനപാലകരും നാട്ടുകാരും സംഭവസ്ഥലത്ത് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ എതാനും നാള്‍ മുമ്പും ഈ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവം കൂടി ആയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. അതേസമയം ഭയപ്പെടേണ്ടതില്ലന്നും പ്രദേശത്ത് കണ്ടതായി പറയപ്പെടുന്നത് പുലിയല്ലന്നും  ഇതേ വര്‍ഗ്ഗത്തില്‍ പെട്ട വള്ളിപൂച്ച ആകാമെന്നും വനപാലകര്‍ വ്യക്തമാക്കി. എന്നാല്‍ സാംനഗര്‍ കുട്ടിവനഭാഗത്തും കല്ലുവെട്ടാം കുഴി സ്‌കൂള്‍ ഭാഗത്തോട് ചേര്‍ന്ന വനാഅര്‍ത്തിയിലും പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടത് നാട്ടുകാര്‍ക്കിടയില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it