thrissur local

കുളത്തില്‍ വീണ മൂന്നുവയസ്സുകാരന് 14 വയസ്സുകാരന്‍ രക്ഷകനായി



ഗുരുവായൂര്‍: കുളത്തില്‍ വീണ മൂന്നുവയസ്സുകാരന് 14വയസ്സുകാരന്‍ രക്ഷകനായി. ഗുരുവായൂര്‍ എലൈറ്റ് ലിഷര്‍ലാന്റിലെ സ്വിമ്മിങ്ങ്പൂളില്‍ നീന്താനിറങ്ങിയ ചക്കംകണ്ടം സ്വദേശി കായല്‍കടവ് ആര്‍ വി ഷെറീഫിന്റെ മകന്‍ ഹിസാക്കിനാണ് 14കാരന്‍ ബ്ലെയ്‌സ് രാജ് രക്ഷകനായെത്തിയത്. മക്കളായ ഷിഹാലിനും (5) ഹിസാക്കിനു (3)മൊപ്പമാണ് ഷെറീഫ് നീന്താനെത്തിയത്. കുട്ടികളുടെ കുളത്തിന് അറ്റകുറ്റ പണിയായതിനാല്‍ വലിയവര്‍ക്കുള്ള കുളത്തിന്റെ കരയില്‍ മക്കളെയിരുത്തിയാണ് ഷെറീഫ് നീന്താനിറങ്ങിയത്. ഇതിനിടെ മക്കളുടെ തലയിലേക്ക് തെറിച്ചുവീണ വെള്ളം തുവര്‍ത്താനായി തോര്‍ത്തെടുക്കാന്‍ മറുകരയിലേക്ക് നീന്തി ടര്‍ക്കിയെടുത്ത ഷെറീഫ് തിരിഞ്ഞുനോക്കിയപ്പോള്‍ മൂന്നുവയസ്സുകാരന്‍ ഹിസാക് കുളത്തില്‍ മുങ്ങുന്നത് കാണുകയും ഒപ്പമുണ്ടായിരുന്ന അ ഞ്ച് വയസ്സുകാരന്‍ സഹോദര ന്‍ ഷിഹാല്‍ നിസ്സഹായനായി അലറികരയുന്നതുമാണ്. വലിയവര്‍ക്ക് കുളിക്കാനുള്ള കുളമായതിനാല്‍ കുളത്തിന് വളരെ ആഴവുമുണ്ടായിരുന്നു. ഈ സമയത്താണ് നീന്താനെത്തിയ ബ്ലെയ്‌സ് ഇത് കാണുന്നത്. നീന്തല്‍ പഠിച്ച് അധികമൊന്നും ആയിരുന്നില്ലെങ്കിലും ബ്ലെയ്‌സ് കുളത്തിലേക്ക് ചാടി ഹിസാകിനെ പൊക്കിയെടുത്തു. എന്നാല്‍ ഹിസാക്കിനേയും കൊണ്ട് കരയിലേക്ക് കയറാനുള്ള അവസ്ഥയിലല്ലാതിരുന്ന ബ്ലെയ്‌സ് കുട്ടിയേയും കൊണ്ട് സമീപത്തുള്ള കൈവരിയില്‍ പിടിച്ചുനിന്നു. മറ്റുള്ളവര്‍ ഓടിയെത്തിയാണ് ഇരുവരേയും കരയിലേക്ക് കയറ്റിയത്. കോട്ടപ്പടി വാഴപ്പുള്ളി ബാബുവിന്റേയും നിഷയുടേയും മകനായ ബ്ലെയ്‌സ് പാവറട്ടി സെന്റ് ജോസഫ് സ്‌ക്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it