കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു

കൊല്ലങ്കോട്: കുളിക്കാനിറങ്ങിയ രണ്ടുപേര്‍ വീടിനു സമീപത്തെ കുളത്തിലെ മണലെടുത്ത ആഴമുള്ള കുഴിയില്‍ മുങ്ങിമരിച്ചു. കൊല്ലങ്കോട് വേലംപൊറ്റ പരേതനായ ചാത്തന്റെ മകന്‍ പ്രകാശന്‍(32), പ്രകാശന്റെ ഭാര്യാസഹോദരീഭര്‍ത്താവ് കൊഴിഞ്ഞാമ്പാറ എലിപ്പാറ കണയംകുളം കൃഷ്ണന്റെ മകന്‍ കണ്ണന്‍ (45) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ വേലംപൊറ്റയിലെ പ്രകാശന്റെ വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഇരുവരും പൊതുകുളത്തിലെ മണലെടുത്ത കുഴിയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കണ്ണനെ രക്ഷിക്കുന്നതിനിടെയാണു പ്രകാശനും
അപകടത്തില്‍െപ്പട്ടത്. കരയില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ ബന്ധുവായ പൊന്നന്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരെ അറിയിച്ച് പ്രകാശനെ കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണനെ തിരയുന്നതിനായി നാട്ടുകാര്‍ വെള്ളത്തിലിറങ്ങിയെങ്കിലും കുളത്തിലെ പായലും ചണ്ടികളും പൂവിന്റെ വള്ളികളും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ചിറ്റൂര്‍ യൂനിറ്റില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാരും കൊല്ലങ്കോട് പോലിസും നാട്ടുകാരും സംയുക്തമായി നടത്തിയ നീണ്ട തിരച്ചിലിനു ശേഷം വൈകീട്ട് മൂന്നരയോടെയാണ് കണ്ണന്റെ മൃതദേഹം കുളത്തില്‍ നിന്നു കണ്ടെത്തിയത്. ശാന്തയാണ് കണ്ണന്റെ ഭാര്യ. മക്കള്‍: സഞ്ജന, സുമേഷ്, സൗമിനി. പ്രകാശന്റെ ഭാര്യ സരസ്വതി. മകള്‍: പ്രജീഷ (ഒന്നര വയസ്സ്). അമ്മ: തങ്ക. സഹോദരങ്ങള്‍: ഷണ്‍മുഖന്‍, പരേതനായ പ്രഭാകരന്‍.
കൊല്ലങ്കോട് പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it