കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിനെ കാണാനെത്തിയ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയുടെ താലി ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അഴിച്ചുവയ്പിച്ചു.
നെറ്റിയില്‍ അണിഞ്ഞിരുന്ന പൊട്ട് പോലും മാറ്റി. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചശേഷം പാകിസ്താന്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദേശിച്ചുവെന്നും മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ആരോപിച്ചു. ഇവരുടെ ചെരിപ്പുകള്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച വളരെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കനത്ത സുരക്ഷയില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസില്‍ ചില്ലുമറയ്ക്ക് ഇരുപുറവുമിരുന്ന് ഫോണ്‍ വഴിയാണ് കുല്‍ഭൂഷനും കുടുംബാംഗങ്ങളും സംസാരിച്ചത്. കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയെ മാതൃഭാഷ മറാത്തി സംസാരിക്കാന്‍ അനുവദിച്ചില്ല. ധാരണയ്ക്കു വിരുദ്ധമായി, ഇവരെ അനുഗമിച്ചിരുന്ന  ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ കൂടിക്കാഴ്ച നടന്ന മുറിയില്‍ അനുവദിച്ചില്ല.
കുല്‍ഭൂഷന്റേത് സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നുവെന്നും പാകിസ്താന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനില്‍ നിന്നു മടങ്ങിയെത്തിയ ജാദവിന്റെ ഭാര്യയും അമ്മയും ചൊവ്വാഴ്ച രാവിലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രിമാരായ എം ജെ അക്ബര്‍, വി കെ സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ജാദവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നു മനസ്സിലാവുന്നത്. പാകിസ്താന്‍ വിദേശകാര്യമന്ത്രാലയത്തിന് പുറത്ത് ജാദവിന്റെ അമ്മയെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിച്ചുവെന്നും റിപോര്‍ട്ടുകളുണ്ട്. ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാല്‍ പാകിസ്താന്റെ വിധിക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ച് ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ വധശിക്ഷ തടഞ്ഞ് വിധി നേടി.
ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നതിനായി തങ്ങളുടെ നിയന്ത്രണത്തിലുള്ള ബലൂചിസ്താനിലേക്ക് കടന്നുകയറിയ ജാദവിനെ സൈന്യം പിടികൂടുകയായിരുന്നുവെന്നാണ് പാകിസ്താന്‍ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്.
Next Story

RELATED STORIES

Share it