കുല്‍ഭൂഷന്റെ അമ്മയ്ക്കും ഭാര്യക്കും പാകിസ്താന്‍ വിസ അനുവദിക്കും

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യക്കും പാകിസ്താന്‍ വിസ അനുവദിക്കും. പാകിസ്താന്‍ ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഈ മാസം 25ന് അമ്മയെയും ഭാര്യയെയും കാണാന്‍ ജാദവിനെ അനുവദിക്കുമെന്ന് പാക് വിദേശകാര്യ ഓഫിസ് വക്താവ് ഇസ്‌ലാമാബാദിലും അറിയിച്ചിട്ടുണ്ട്. ജാദവിന്റെ ഭാര്യക്കു മാത്രം വിസ നല്‍കാനായിരുന്നു പാകിസ്താന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, അമ്മയ്ക്കും വിസ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്ന് സുഷമ പറഞ്ഞു. പാകിസ്താനില്‍ ജാദവിന്റെ അമ്മയുടെയും ഭാര്യയുടെയും സുരക്ഷ സംബന്ധിച്ച ആശങ്കകളും ഇന്ത്യ ഉയര്‍ത്തിയിരുന്നു. അവരുടെ സുരക്ഷ പാകിസ്താന്‍ ഉറപ്പാക്കിയിട്ടുണ്ട്. അവരെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ അനുഗമിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ വിസ അനുവദിക്കുന്ന വിവരം ജാദവിന്റെ അമ്മ അവന്തിക ജാദവിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാകിസ്താന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ സ്വാഗതം ചെയ്തു. പാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ജാദവിന്റെ അമ്മയും ഭാര്യയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചാരവൃത്തിയും തീവ്രവാദവും ആരോപിച്ച് പാകിസ്താന്‍ സൈനിക കോടതി കഴിഞ്ഞ ഏപ്രിലിലാണ് ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ ഹരജി പരിഗണിച്ച് അന്താരാഷ്ട്ര കോടതി വധശിക്ഷ തടഞ്ഞിരിക്കുകയാണ്.
Next Story

RELATED STORIES

Share it