Flash News

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ : അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും



ഹേഗ്: ചാരവൃത്തി കേസില്‍ ഇന്ത്യന്‍ മുന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും. പാക് സൈനിക കോടതിയുടെ വിധിക്കെതിരേ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കുന്നത്. കുല്‍ഭൂഷണിന്റെ ജീവനു ഭീഷണിയുണ്ടെന്നും ഇന്ത്യ ഹരജിയില്‍ ചൂണ്ടിക്കാട്ടി. പ്രമുഖ അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ ഇന്ത്യക്കായി ഹാജരാവും. കഴിഞ്ഞ ദിവസം കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ താല്‍ക്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് കത്തയച്ചിരുന്നു. 2016 മാര്‍ച്ചില്‍ പാക് സൈന്യത്തിന്റെ പിടിയിലായ കുല്‍ഭൂഷണെ ഏപ്രില്‍ പത്തിനാണ് പാക് സൈനിക കോടതി വധശിക്ഷയ്്ക്കു വിധിച്ചത്. പാക് സൈനിക നിയമപ്രകാരമാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. എന്നാല്‍, ഈ അവകാശവാദം തള്ളിയ ഇന്ത്യ ഇദ്ദേഹം നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്നും സര്‍ക്കാരുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ ആര്‍മി ആക്ട് അനുസരിച്ച് ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലിലാണ് കുല്‍ഭൂഷണിന്റെ വിചാരണ നടന്നത്. ചാരപ്രവര്‍ത്തി നടത്തിയെന്ന് കുല്‍ഭൂഷണ്‍ കുറ്റസമ്മതം നടത്തിയെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചതിനെതിരേ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിവരുന്നത്. കുല്‍ഭൂഷണിനെ ബന്ധപ്പെടാന്‍ ഇന്ത്യ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. അതേസമയം, കുല്‍ഭൂഷണെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇറാന്‍ പാകിസ്താനെ സമീപിച്ചു.
Next Story

RELATED STORIES

Share it