Flash News

കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനം : പാകിസ്താന്‍ കള്ളം പ്രചരിപ്പിക്കുന്നു - കേന്ദ്ര സര്‍ക്കാര്‍



ന്യൂഡല്‍ഹി: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനവുമായി ബന്ധപ്പെട്ടു പാകിസ്താന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍. 2014ല്‍ പെഷാവറിലെ ആര്‍മി സ്‌കൂളില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനു പകരമായി കുല്‍ഭൂഷണ്‍ ജാദവിനെ വച്ചുമാറാന്‍ തയ്യാറാണെന്ന് ഒരു രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം പാകിസ്താന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഏതു രാജ്യത്തെ ദേശീയസുരക്ഷാ ഉപദേഷ്ടാവാണെന്നു  വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതേസമയം, പാക് വിദേശകാര്യ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.പാകിസ്താന്‍ കള്ളം പറയുകയാണെന്നു രവീഷ് കുമാര്‍ പറഞ്ഞു. കാശ്മീരിലേതെന്ന് അവകാശപ്പെട്ടു യുഎന്‍ പൊതുസഭയില്‍ മാറ്റൊരു രാജ്യത്തിലെ ചിത്രം കാണിച്ചതു പോലെയാണ് ഇതെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു.ഇന്ത്യക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണു നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തിനു വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. കുല്‍ഭൂഷണിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ട്. സ്‌കൂള്‍ ആക്രമണക്കേസിലെ ഭീകരന്‍ ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലാണുള്ളത്. നിങ്ങളുടെ കൈയിലുള്ള ഭീകരനുമായി അഫ്ഗാന്‍ ജയിലിലുള്ള ഭീകരനെ കൈമാറാമെന്ന് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വാഗ്ദാനംചെയ്തു- എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഖാജാ ആസിഫിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റിയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണു പാക് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it