kozhikode local

കുറ്റിയാടി പദ്ധതിയുടെ കനാല്‍ നവീകരണം: കര്‍മ പദ്ധതി തയ്യാറാക്കി

കോഴിക്കോട്: ജില്ലയുടെ പ്രധാന കാര്‍ഷിക- കുടിവെള്ള സ്രോതസ്സായ കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്താനും ചോര്‍ച്ച തടയാനുമുള്ള വിശദമായ കര്‍മപദ്ധതിക്ക് അന്തിമരൂപമായി. കനാല്‍ ശൃംഖലയുടെ 60 കിലോ മീറ്ററോളം വരുന്ന ഭാഗമാണ് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദമായ രീതിയില്‍ പുനരുദ്ധരിക്കുന്നത്.  ജില്ലയിലെ 43 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോഴിക്കോട് കോര്‍പറേഷനിലുമായി വ്യാപിച്ചു കിടക്കുന്ന 603 കിലോമീറ്റര്‍ നീളത്തിലുള്ള കനാല്‍ ശൃംഖലയാണ് കുറ്റിയാടി ജലസേചന പദ്ധതിക്കുള്ളത്. 40 വര്‍ഷം മുമ്പ് നിര്‍മിച്ച കനാലുകളില്‍ കാലപ്പഴക്കവും അറ്റകുറ്റപണികളുടെ അഭാവവും മൂലം വെള്ളം എത്തുന്ന ദൂരം കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് കുറ്റിയാടി പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്താവുന്ന കനാല്‍ ഭാഗങ്ങള്‍ കണ്ടെത്തി ബ്ലോക്ക് അടിസ്ഥാനത്തില്‍ നീളവും വിസ്തീര്‍ണവും അടങ്ങുന്ന പട്ടിക തയ്യാറാക്കിയത്. ഇതടിസ്ഥാനത്തില്‍ 32 പഞ്ചായത്തുകളുടെ തൊഴിലുറപ്പു പദ്ധതി വഴി 400 ഓളം പ്രോജക്ടുകളാക്കിയാണ് 60 കിലോമീറ്റര്‍ കനാലിന് കയര്‍ ഭൂവസ്ത്രം അണിയിക്കുന്നത്. ഇതിനു വേണ്ട 1,68,578 ച. മീറ്റര്‍ കയര്‍ ഭൂവസ്ത്രം കയര്‍ഫെഡ് ലഭ്യമാക്കും. നിലവില്‍ ചോര്‍ച്ച തടയാന്‍ ചെയ്തു വരുന്ന കോണ്‍ക്രീറ്റ് റീറ്റെയിനിങ് വാളിന് പകരം കനം കുറഞ്ഞ കോണ്‍ക്രീറ്റ് ലൈനിംഗ് വര്‍ക്കുകള്‍ ചെയ്ത് വളരെ ചെലവു കുറഞ്ഞ രീതിയില്‍ കനാല്‍ പുനരുദ്ധരിക്കാനാകുമെന്നാണ് ഇതിന്റെ പ്രത്യേകത.  ശില്പശാലയ്ക്ക് അസിസ്റ്റന്റ് കലക്ടര്‍ സ്‌നേഹില്‍ സിംഗ്, കുറ്റിയാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ രാമചന്ദ്രന്‍, നാഷണല്‍ കയര്‍ മാനെജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ.കെ ആര്‍. അനില്‍കുമാര്‍, എംഎന്‍ആര്‍ഇജി എസ് പ്രോജക്ട് ഡയറക്ടര്‍, കയര്‍ഫെഡ് ജിയോടെക്‌സ് വകുപ്പ് മേധാവി കൈരളി കുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it