കുറ്റിയാടി നിസാര്‍ വധശ്രമം; ഉന്നത നേതാവിന് പങ്ക്: എസ്ഡിപിഐ

കോഴിക്കോട്: കുറ്റിയാടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നിസാറിനെ പട്ടാപ്പകല്‍ കടയില്‍ കയറി ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ജില്ലയിലെ ഉന്നത സിപിഎം നേതാവിനു പങ്കുണ്ടെന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. വധശ്രമത്തില്‍ പങ്കെടുത്തവരെ മാത്രമല്ല, പ്രേരണ നല്‍കിയവരെ കൂടി പിടികൂടിയാലേ അന്വേഷണം നേര്‍വഴിക്കാണെന്നു പറയാനാവൂ.
സമാനമായ പല അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ചുക്കാന്‍പിടിച്ച ജില്ലയിലെ നേതാവാണ് നിസാര്‍ വധശ്രമത്തിനു പിന്നിലും പ്രധാന പങ്കുവഹിച്ചതെന്നു സംശയിക്കണം. തിരഞ്ഞെടുപ്പിനുശേഷം ഒരു സുവാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ത ദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറങ്ങിയതെന്നു അണികള്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. കടയില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയതാണെന്നു തുടക്കത്തില്‍ സിപിഎം കേന്ദ്രങ്ങളുടെ പ്രചാരണം അക്രമം ആസൂത്രിതവും നേതൃത്വത്തിന്റെ അറിവോടെയും ആയിരുന്നുവെന്നതിനു തെളിവാണ്. പരിക്കേറ്റ നിസാറിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ വാഹനം അത്തോളിയില്‍ പോലിസ് തടഞ്ഞതിനു പിന്നിലും സിപിഎം ഇടപെടലുണ്ട്. അറസ്റ്റിലായ മൂന്നാംപ്രതി മനീഷുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ വെളിപ്പെടുത്തലുകളും അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം -പോലിസ് ഗൂഢാലോചനയിലേക്കാണു വിരല്‍ചൂണ്ടുന്നത്.
അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതും പ്രതികളുടെ അറസ്റ്റ് വൈകുന്നതും കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ ആഭ്യന്തരമന്ത്രിയുടെ പ്രതിനിധിയായിരുന്ന ഉന്നതനേതാവിന്റെ ഇടപെടല്‍ മൂലമാണ്. പദവി ഉപയോഗിച്ച് പോലിസില്‍ സ്വാധീനം ചെലുത്തുന്ന ഈ നേതാവിന് ഭരിക്കുന്നവരുടെ പോലും പിന്തുണയുണ്ടെന്നു കരുതേണ്ടി വരും.
പ്രദേശത്ത് മുമ്പ് നടന്ന കൊലകളിലുള്ള മനോവേദനയാണു പ്രേരണയെന്ന മനീഷിന്റെ മൊഴി ഉദ്ധരിച്ചുള്ള പോലിസ് ഭാഷ്യവും സിപിഎം തിരക്കഥയാണ്. ആറു പ്രവര്‍ത്തകരില്‍ കേസ് ഒതുക്കാനും വധഗൂഢാലോചന അന്വേഷിക്കാതെ നേതൃത്വത്തെ രക്ഷിക്കാനുമാണ് പോലിസ് നീക്കം. മനീഷിന് അഞ്ചു ദിവസം ആര് അഭയം നല്‍കിയെന്ന അന്വേഷണം സിപിഎം നേതാവിലേക്കാണ് എത്തിപ്പെടുക. കേസില്‍ സിപിഎമ്മിന്റെയും നേതാവിന്റെയും പങ്ക് വ്യക്തമായിട്ടും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലിസ് തയ്യാറാവുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുപോവുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി നജീബ് അത്തോളി, ജില്ലാ കമ്മിറ്റി അംഗം പി പി നൗഷീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it