കുറ്റിയാടി നിസാര്‍ വധശ്രമംപോലിസ് നടപടികള്‍ ഇഴയുന്നു

വടകര: കുറ്റിയാടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നിസാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലിസ് നടപടികള്‍ ഇഴയുന്നു. നിസാര്‍ ആക്രമിക്കപ്പെട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടി പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ സിപിഎമ്മുകാരായ ആറു പ്രതികളെ കുറിച്ചു പോലിസിനു വ്യക്തമായ വിവരം ലഭിച്ചിരുന്നു. പ്രതികള്‍ രക്ഷപ്പെട്ട വഴികളെക്കുറിച്ചും എത്തിപ്പെടാനുള്ള കേന്ദ്രങ്ങളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടും അക്രമികളെ  പിടികൂടാനാവാത്തത് പോലിസിന്റെ ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആക്രമണം നടത്തിയ ശേഷം പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതായി പോലിസിനു വിവരം ലഭിച്ചിരുന്നു. നിസാര്‍ ആക്രമിക്കപ്പെട്ട രണ്ടാം ദിവസമാണ് പ്രതികള്‍ക്ക് അഭയം നല്‍കിയ യുവാവിനെയും ഭാര്യയെയും കുറിച്ച് പോലിസിനു വിവരം ലഭിച്ചത്. ഈ സമയങ്ങളിലെല്ലാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പ്രതികള്‍ ഒളിസങ്കേതങ്ങള്‍ കണ്ടെത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.   എന്നാല്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താന്‍ പോലിസിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമമുണ്ടായില്ലെന്നാണ് ആക്ഷേപം. നാദാപുരം ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ കുറ്റിയാടി, പേരാമ്പ്ര, നാദാപുരം സിഐമാരുടെ കീഴില്‍ മൂന്നു സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നത്.

എന്നാല്‍, ഇതില്‍ രണ്ടു സംഘങ്ങള്‍ അന്വേഷണത്തില്‍ സജീവമല്ലെന്നാണു സൂചന.    പ്രതികളെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് കുറ്റിയാടി സിഐ ഇന്നലെയും അറിയിച്ചത്. എന്നാല്‍ അറസ്റ്റ് എപ്പോള്‍ ഉണ്ടെന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. പ്രതികളില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആദ്യ ദിവസങ്ങളില്‍ പോലിസ് അന്വേഷണം നടത്തിയിരുന്നു. അതേസമയം തലശ്ശേരി, തളിപ്പറമ്പ് പ്രദേശങ്ങളില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ച് കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it