kozhikode local

കുറ്റിയാടി ചുരത്തിലും ഗതാഗതക്കുരുക്ക്: തിരിഞ്ഞുനോക്കാതെ ഭരണകൂടങ്ങള്‍

വടകര: റോഡിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിക്കാതെ കോഴിക്കോട്ടേക്കുള്ള ചരക്കു ലോറികള്‍ മുഴുവന്‍  കുറ്റിയാടി ചുരം വഴി തിരിച്ചു വിട്ട അധികൃതരുടെ നടപടി കൂനിന്‍മേല്‍ കുരുവായി. കുത്തനെയുള്ളതും വീതി കുറഞ്ഞതുമായ പക്രന്തളം-കുറ്റിയാടി ചുരം റോഡില്‍ കണ്ടയ്‌നര്‍ ലോറികള്‍ കുടുങ്ങുന്നതു പതിവായതോടെ കോഴിക്കോട്ടേക്ക് വയനാട്ടില്‍ നിന്നുള്ള ബദല്‍ പാതയിലും യാത്ര ദുസ്സഹം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പക്രന്തളം ചുരത്തില്‍ ചരക്കു ലോറികള്‍ മണിക്കൂറുകളോളം ഗതാഗതം മുടക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാരവും നീളവും കൂടിയ ചരക്കു വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് ഈ ചുരത്തിലൂടെ കടന്നു പോവുന്നത്.
താമരശ്ശേരി ചുരത്തിനേക്കാള്‍ മുടിപിന്‍ വളവുകള്‍ കൂടുതലുള്ള പക്രന്തളത്ത് ഏറെ സമയം കൊണ്ടാണ് വീതികുറഞ്ഞ വളവുകള്‍ ലോറികള്‍ മറികടക്കുന്നത്. ഒരു ലോറി വളവിലകപ്പെട്ടാല്‍ രണ്ടു ഭാഗങ്ങളിലും ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. അമിതമായ കയറ്റം കാരണം ചുരത്തില്‍ ഇഴഞ്ഞു നീങ്ങുന്ന ലോറികളെ മറികടക്കാനുള്ള വീതി റോഡിന് ഇല്ലാത്തതിനാല്‍ ചെറു വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ പ്രയാസത്തിലാണ്്. പക്രന്തളം ചുരത്തിന്റെ പ്രധാന ഭാഗങ്ങള്‍ കോഴിക്കോട് ജില്ലയിലാണ്.
തൊട്ടില്‍പാലം മുതല്‍ പൂതംപാറ വരെ റോഡിന് വീതി നന്നേകുറവ്. ഈ ഭാഗങ്ങളില്‍ റോഡ് വീതി കൂട്ടണമെന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെടുന്നില്ല. വയനാട്‌കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ബദല്‍ റോഡാണ് പക്രന്തളം ചുരം. എന്നാല്‍, അത്തരത്തിലുള്ള ഒരു പരിഗണനയും റോഡിനില്ല. ചുരത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വളര്‍ന്ന് തൂങ്ങിയ മുള്‍ക്കാടുകല്‍ പോലും കഴിഞ്ഞ ദിവസം രണ്ട് പഞ്ചായത്തുകളുടെ നെതൃത്വത്തില്‍ ശ്രമദാനമായാണ് വെട്ടിമാറ്റിയത്.
ചുരം  സംരക്ഷണത്തിനായി വടകരയില്‍ പ്രത്യേക ഡിവിഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രയോജനമില്ല. പക്രന്തളം വഴിയുള്ള ചരക്കു ലൊറികള്‍ രാത്രി 9നും രാവിലെ 6നുമിടയിലുള്ള സമയം കടത്തിവിടുന്ന തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it