kozhikode local

കുറ്റിയാടി കനാലിലെ മണ്ണ് നീക്കം ചെയ്യാന്‍ ആക്ഷന്‍ പ്ലാന്‍



കോഴിക്കോട്: കുറ്റിയാടി കനാലിന്റെ  602 കിലോമീറ്റര്‍ മേഖലയിലെ മണ്ണ് നീക്കം ചെയ്യല്‍ പ്രവൃത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ എംഎന്‍ആര്‍ഇജിഎസ് ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനിച്ചു. കനാലിലെ മണ്ണ് നീക്കം ചെയ്യുന്നതോടെ ജലം സുഗമമായി ഒഴുകുകയും കനാല്‍ കടന്നുപോകുന്ന 43 പഞ്ചായത്തുകളിലുള്ള ജനങ്ങള്‍ക്ക് ഉപയോഗ പ്രദമാകുകയും ചെയ്യും. 652 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇതിനായി ആവിഷ്‌ക്കരിക്കുക. ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൂടാതെ കനാലിന്റെ പലഭാഗങ്ങളിലും 80 ശതമാനത്തോളം വെള്ളം ചോര്‍ന്നു പോകുന്നത് തടയാന്‍ കോണ്‍ക്രീറ്റ് ലൈനിംഗ് പ്രവൃത്തി നടത്താനുള്ള പദ്ധതിയും 2017-18 വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും. കനാലിന്റെ ഇടിഞ്ഞ ഭാഗത്ത് ഭൂവസ്ത്രം ഉപയോഗിച്ച് പഴയ രൂപത്തിലാക്കാനുള്ള നടപടിയും ആസൂത്രണം ചെയ്യും. ജല സംരക്ഷണത്തിനും മാലിന്യസംസ്‌ക്കരണത്തിനും ആവശ്യമായ പദ്ധതികളും ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും. വരള്‍ച്ചയുള്ള മേഖലകളില്‍ കിണര്‍ റീച്ചാര്‍ജിംഗ് പദ്ധതി നടപ്പാക്കും. ജലസ്രോതസുകള്‍ ശുദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ ആവിഷ്‌ക്കരിക്കും. സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനും പ്രാധാന്യം നല്‍കും. എംഎന്‍ആര്‍ഇജിഎസ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി ആര്‍ പ്രവീണ്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വേലായുധന്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി രവീന്ദ്രന്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it