kozhikode local

കുറ്റിയാടിപ്പുഴ വറ്റുന്നു: മലയോരം ആശങ്കയില്‍

കുറ്റിയാടി: പ്രളയാനന്തരമുണ്ടായ കാലാവസ്ഥ വ്യതിയാനത്തില്‍ കുറ്റിയാടിപ്പുഴ നീര്‍ച്ചാലായി മാറി. പുഴയിലെ ജലം ക്രമാതീതമായി കുറയുന്നത് മലയോര മേഖലയെ ആശങ്കയിലാഴ്ത്തി. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ കിഴക്കന്‍ മലയോരം പൂര്‍ണമായും വരള്‍ച്ചയിലമരും. വടകര താലൂക്കില്‍പ്പെട്ട 25ലധികം പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത് കുറ്റിയാടി പുഴയിലെ ജലസംഭരണിയില്‍ നിന്നാണ്.
വേനല്‍ കനക്കുന്ന കാലത്ത് കുറ്റിയാടിപ്പുഴയിലെ ജലസമ്പത്തിന് വലിയ വ്യത്യാസമുണ്ടാവാറില്ല. പുഴയുടെ പോഷകനദികളായ കടന്തറ, നിടുവാല്‍, ചെമ്പനോട, തൊട്ടില്‍പ്പാലം എന്നിവയാണ് കുറ്റിയാടിപ്പുഴയിലെ ജലസമ്പത്ത് നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഇവ കൂടി വറ്റിത്തുടങ്ങിയതോടുകൂടിയാണ് കുറ്റിയാടിപ്പുഴയുടെ ജീവന്‍ അപകടത്തിലായത് . വേളം പഞ്ചായത്തിലെ ഗുളികപ്പുഴ പദ്ധതി, കുന്നുമ്മല്‍ പഞ്ചായത്തിലെ ഗ്രാമീണ കുടിവെള്ള പദ്ധതി, കാവിലുംപാറയിലെ പദ്ധതി എന്നിവയ്‌ക്കെല്ലാം കുറ്റിയാടിപ്പുഴയിലെ ജലം നിര്‍ണായകമാണ്. ജലവിതാനം ഗണ്യമായി കുറഞ്ഞതോടെ ജല വകുപ്പ് പുഴയില്‍ നിര്‍മിച്ച കിണര്‍ പൂര്‍ണമായും വെളിയിലായിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ജലസംരക്ഷണത്തിന് പുഴകളിലും തോടുകളിലും മതിയായ രീതിയില്‍ തടയണകള്‍ നിര്‍മിച്ചിരുന്നു. ഇപ്പോള്‍ അവയെല്ലാം പ്രളയത്തില്‍ നശിച്ചുപോയ അവസ്ഥയിലാണ്. നിലവിലെ അവസ്ഥയനുസരിച്ച് തുലാവര്‍ഷം പെയ്‌തൊഴിയും മുമ്പ് ജലസംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ കിഴക്കന്‍ മലയോരത്തെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

Next Story

RELATED STORIES

Share it