malappuram local

കുറ്റിപ്പുറത്തെ ആറു കിണറുകളില്‍ കോളറ ബാക്ടീരിയയെ കണ്ടെത്തി



കുറ്റിപ്പുറം: കഴിഞ്ഞ വര്‍ഷം കോളറ ബാധിച്ച് മൂന്നു പേര്‍ മരിച്ച കുറ്റിപ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലുമായി കിണറുകളിലെ വെള്ളത്തില്‍ കോളറയുടെ  ബാക്ടീരിയകളെ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ടൗണിലേയും പരിസരത്തേയുമായ 25 ഓളം കിണറുകളിലെ വെള്ളം പരിശോധനക്കായി കൊണ്ടുപോയിരുന്നത്. ഈ പരിശോധനയിലാണ് മൂന്നു പൊതുകിണറുകളിലേയും മൂന്നു സ്വകാര്യ വ്യക്തികളുടെ കിണറുകളിലേയും വെള്ളത്തില്‍ കോളറ രോഗത്തിനു കാരണമായ ബാക്ടീരിയ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ക്ലോറിനേഷനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.  രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ ആശങ്ക അകറ്റാനും നേതൃത്വം നല്‍കും. കഴിഞ്ഞ വര്‍ഷം കോളറ ബാധിച്ച് കുറ്റിപ്പുറം ടൗണിനടുത്ത് താമസിക്കുന്ന മൂന്നു പേര്‍ മരണമടയുകയും ഒട്ടേറെ ആളുകള്‍ രോഗം ബാധിച്ച് ചികില്‍സ തേടുകയും ചെയ്തിരുന്നു. ടൗണിലേയും പരിസര പ്രദേശങ്ങളിലേയും ഓടകളില്‍ മലിന ജലം കെട്ടിക്കിടന്നതാണ്  അസുഖം വ്യാപിക്കാന്‍ കാരണമെന്ന്  അന്ന്  പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ ശാലകള്‍ മാസങ്ങളോളം അടച്ചിട്ടിരുന്നു. ടൗണില്‍ പരിപൂര്‍ണ ശുദ്ധീകരണം ഉറപ്പു വരുത്തിയ ശേഷമാണ് പിന്നീട് കടകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. സമാനമായ രീതിയില്‍ ഇപ്പോള്‍ കിണര്‍ വെള്ളത്തില്‍ കോളറ ബാക്ടീരിയകളെ കണ്ടെത്തിയതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it