malappuram local

കുറ്റിപ്പുറം ആയുധശേഖരം: അന്വേഷണം ഊര്‍ജിതമാക്കണം- എസ്ഡിപിഐ

മലപ്പുറം: കുറ്റിപ്പുറം പാലത്തിനിടയില്‍ നിന്ന് സൈന്യം മാത്രം ഉപയോഗിക്കുന്ന വന്‍ ആയുധ ശേഖരം കണ്ടെടുത്തതിനെ കുറിച്ച് മിലിട്ടറി ഇന്റലിജന്‍സിന്റേതടക്കമുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള മിലിട്ടറി ക്യാംപിലെ ആയുധങ്ങള്‍ പുറത്തെത്തിയത് ഗുരുതരമായ സംഭവമാണ്. മഹാരാഷ്ട്ര പുല്‍ഗാവിലെ ആയുധ നിര്‍മാണ ശാലയില്‍ നിര്‍മിച്ചവയാണിവയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഈ സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് 31 ന് സൈനിക മേധവികളടക്കം 19 പേര്‍ മരിച്ച വന്‍ സ്‌ഫോടനമുണ്ടായത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അഞ്ച് ക്ലേമോര്‍ കുഴിബോംബുകളും 500 വെടിയുണ്ടകളും മറ്റുപകരണങ്ങളും കുറ്റിപ്പുറം പാലത്തിനടിയിലെത്തിയതെങ്ങിനെയെന്ന് സൈന്യവും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കണം.ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന പുഴയോരത്ത് ഇത്രയും മാരകമായ ആയുധ ശേഖരം നിക്ഷേപിച്ചതില്‍ ദുരൂഹതയുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ അക്രമിക്കപ്പെടാനിടയുണ്ടെന്ന പ്രചരണം സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണിത്. രാജ്യ സുരക്ഷക്ക് ഉപയോഗപ്പെടുത്തേണ്ട ആയുധങ്ങള്‍ പോലും രാജ്യത്ത് സുരക്ഷിതമല്ലെന്നുള്ളത് ഗൗരവപൂര്‍വം കണക്കിലെടുക്കാന്‍ അധികാരികള്‍ തയ്യാറാവണം. സൈനികായുധങ്ങള്‍ കുറ്റിപ്പുറത്ത് എത്തിച്ച കരങ്ങളെ കണ്ടെത്തുവാനും അതിന്റെ പിന്നിലുള്ള ഗൂഡാലോചനകള്‍ വെളിച്ചത്ത് വരുവാനും സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണം. ഈ ആവശ്യമുന്നയിച്ച് എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് മാരായ വി ടി ഇഖ്‌റാമുല്‍, അഡ്വ.സാദിഖ് നടുതൊടി, സെയ്തലവി ഹാജി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഷൗക്കത്ത് കരുവാരക്കുണ്ട്, ബാബു മണി കരുവാരക്കുണ്ട്, മുസ്തഫ, ഉസ്മാന്‍ കരുളായി, സുബൈര്‍ ചങ്ങരംകുളം സംസാരിച്ചു.
Next Story

RELATED STORIES

Share it