palakkad local

കുറ്റിപ്പാലയില്‍ ബിവറേജസ് അനുവദിച്ചത് ചട്ടവിരുദ്ധമായി



സി കെ ശശി പച്ചാട്ടിരി

ആനക്കര: കുറ്റിപ്പാലയില്‍ ബി വറേജസ് തുറക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കി.പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയിലാണ് പുതിയ ബിവറേജസ് തുറക്കാനുള്ള ശ്രമം നടന്നത്. ഇവിടെ ബിവറേജസ് അനുവദിച്ചത് ചട്ടവിരുദ്ധമാണെന്നും സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. കണ്ടനകത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ബിവറേജസ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറ്റിപ്പാലയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ കുറ്റിപ്പാലയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ അബ്കാരി ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് പരിസരവാസികള്‍ ആരോപിക്കുന്നത്്. ആരാധനായങ്ങള്‍ക്കും എസ് എസി എസ് റ്റി കോളനികള്‍ക്കും 200 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലക്കു അനുമതി നല്‍കാന്‍ പാടില്ല എന്നതാണ് നിയമം. അനുമതി നല്‍കിയ കെട്ടിടത്തിന്റെ 135 മീറ്റര്‍ പരിധിക്കകത്ത് 20 വര്‍ഷമായി നിലകൊള്ളുന്ന വില്ലേജ് പള്ളിയും, 140 മീറ്റര്‍ പരിധിക്കകത്ത് എസ് സി കോളനിയുമുണ്ട്. പഞ്ചായത്തിന്റെ എന്‍ ഒ സിയും, ഡി ആന്റ് ഒ ലൈസന്‍സും ഇല്ലാതെ മദ്യശാല പ്രവര്‍ത്തിപ്പിക്കുക സാധ്യമല്ല. ബിവറേജസ് പ്രവര്‍ത്തിപ്പിക്കാന്‍ വട്ടംകുളം പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാതെ മദ്യശാല തുറന്നതിനെ തുടര്‍ന്ന് കെട്ടിട ഉടമക്കെതിര ഗ്രാമപ്പഞ്ചായത്ത് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സമരസമിതി ഭാരവാഹികള്‍ എക്‌സൈസ് ഡപ്പ്യൂട്ടി കമ്മിഷണര്‍, ജില്ലാ കലക്ടര്‍, എ  ഡിഎം എന്നിവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ പരിഗണിച്ചാല്‍ കുറ്റിപ്പാലയില്‍ നിന്ന് ബിവറേജസ് ഒഴിവാക്കേണ്ടി വരും. മാത്രമല്ല ശക്തമായ ജനകീയ ചെറുത്തുനില്‍പ്പും വലിയ ഒരു വെല്ലുവിളിയാണ്. ബിവറേജസ് അനുവദിച്ച കെട്ടിടത്തിന്റെ 10 വാര അടുത്തായി ഒരു കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് മറ്റൊരു നിയമപ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം മദ്യശാലകള്‍ അനുവദിക്കുക എന്നത് എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റിന്റെ കീഴ്‌വഴക്കങ്ങള്‍ക്ക് എതിരാണ്. മദ്യ നിരോധനം വരുമാനത്തില്‍ കുറവു വരുത്തുമെന്നത് തെറ്റായ ധാരണയാണെന്ന് അബ്ദുള്‍ വഹാബ് എംപി പറഞ്ഞു. കുറ്റിപ്പാലയില്‍ ബിവറേജസ് തുടങ്ങാനുള്ള ശ്രമത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു എംപി കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കണമെന്നും എം പി പറഞ്ഞു. കുറ്റിപ്പാലയില്‍ ബിവറേജസ് തുടങ്ങാനുളള ശ്രമത്തിനെതിരെയുളള സമരം ഒരു മാസം തികയുകയാണ്.
Next Story

RELATED STORIES

Share it