azchavattam

കുറ്റാന്വേഷണ കഥകളും നോവലും മലയാളത്തില്‍

കുറ്റാന്വേഷണ കഥകളും നോവലും മലയാളത്തില്‍
X
hameed ips
എമില്‍ ഹസന്‍

'1928 ഡിസംബര്‍ 27. സ്ഥലം ന്യൂയോര്‍ക്ക്. പ്രസിദ്ധമായ ഗാഗെന്‍ഹിം ലബോറട്ടറിയിലെ രാത്രിവാച്ചുമാന്‍ ഹെന്‍ട്രിഗൊ ബര്‍ണറില്‍ ഒരു കാപ്പി തിളപ്പിക്കുകയായിരുന്നു. ഒരുത്തന്‍ പ്രത്യക്ഷപ്പെട്ട് തോക്കുചൂണ്ടി, സൈനഡ് കലര്‍ത്തിയ കാപ്പി ഹെന്‍ട്രിഗോയെക്കൊണ്ടു കഴിപ്പിക്കുന്നു' - എം ടി വാസുദേവന്‍നായര്‍ എഴുതിയ ഒരു കുറ്റാന്വേഷണകഥയുടെ തുടക്കമാണ്- ('വധം ഒരു വിനോദം മാത്രം') ഒരു ഉദ്ദേശ്യവുമില്ലാതെ നടത്തിയ കൊലപാതകത്തിനു വധശിക്ഷ നല്‍കാന്‍ വയ്യാത്തതുകൊണ്ട് കോടതി 40 വര്‍ഷത്തെ കഠിനതടവിനു ഘാതകനെ ശിക്ഷിക്കുന്നു.
ഇത്തരം കൗതുകകരമായ വെളിപ്പെടുത്തലുകളുള്ള ഒരു പുസ്തകമാണ് റിട്ടയേര്‍ഡ് പോലിസുദ്യോഗസ്ഥനും നിരവധി കുറ്റാന്വേഷണ കൃതികളുടെ രചയിതാവുമായ ഹമീദിന്റെ 'അപസര്‍പ്പക ചെറുകഥകള്‍.'
1857 മുതല്‍ 2011 വരെയുള്ള കാലയളവില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥകളെയും കഥാകാരന്മാരെയും കുറിച്ചുള്ള കാര്യമാത്രപ്രസക്തമായ വിവരങ്ങള്‍ ഈ പുസ്തകത്തില്‍ നിന്നു ലഭിക്കും. ആദ്യകാലഘട്ടം (1891-1930) തളര്‍ച്ചയുടെ കാലഘട്ടം (1930-49) വിസ്‌ഫോടനകാലം (1950-58) ആധുനിക കാലഘട്ടം (1959-2005) എന്നിങ്ങനെ നാലുഘട്ടങ്ങളായി തിരിച്ചാണ് പരിശോധന. കോമിക് പുസ്തകങ്ങളിലെയും ബ്ലോഗനയിലെയും കഥകള്‍ വരെ പരാമര്‍ശിക്കുന്നുണ്ട്.
മലയാളത്തിലെ ആദ്യകഥയായ 'വാസനാവികൃതി' (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍) തന്നെയാണ് ആദ്യത്തെ അപസര്‍പ്പക കൃതിയെന്ന് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. തുടര്‍ന്ന് എം പി വര്‍ക്കി, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, എംആര്‍കെസി തുടങ്ങിയവരുടെ രചനകളെ പരാമര്‍ശിക്കുന്നു. അനുജന്‍ തിരുവാങ്കുളം, ഹമീദ് (ഗ്രന്ഥകാരന്‍) തുടങ്ങി കുറ്റാന്വേഷണ കഥാകൃത്തുക്കള്‍ക്കു പുറമെ ഹാസ്യസാഹിത്യകാരന്‍ ഇ വി കൃഷ്ണപിള്ള, പത്രപ്രവര്‍ത്തകന്‍ കെ എ ദാമോദരമേനോന്‍, സാഹിത്യവിമര്‍ശകന്‍ എം പി പോള്‍, തൊഴിലാളിനേതാവ് വി പി മരയ്ക്കാര്‍, അറിയപ്പെടുന്ന സാഹിത്യകാരന്മാരായ മലയാറ്റൂര്‍, ടാറ്റാപുരം സുകുമാരന്‍, സേതു, എം എം മേനോന്‍, പി അയ്യനേത്ത്, കഥാപ്രസംഗകാരന്‍ ജോസഫ് കൈമാപറമ്പന്‍ എന്നിങ്ങനെയുള്ളവരും ഡിറ്റക്ടീവ് കഥകള്‍ രചിച്ചിട്ടുണ്ടെന്നത് പുതുമയുള്ള വിവരമാണ്.

'കുന്ദലത' ആദ്യത്തെ
അപസര്‍പ്പക നോവലും!
മലയാളത്തിലെ അപസര്‍പ്പക നോവലുകളെക്കുറിച്ച് വിശദമായി വിലയിരുത്തുന്ന രണ്ടാമത്തെ പുസ്തകവും ശ്രദ്ധേയമാണ്. മലയാളിയുടെ വായനയുടെ അടിത്തറ ഉറപ്പിക്കാന്‍ ആദ്യകാലത്ത് സഹായകമായി തീര്‍ന്നത് കുറ്റാന്വേഷണകൃതികള്‍ തന്നെയാണ്. അതിന്റെ അന്വേഷണസ്വഭാവവും ഉദ്വേഗവും പരിണാമഗുപ്തിയും സാഹസികതയുമൊക്കെ തന്നെ വായനയുടെ വികസ്വരഘട്ടത്തില്‍ പാരായണത്വര വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അതേസമയം, നമ്മുടെ സാഹിത്യനിരൂപകര്‍ ഇതിനെ അധമമായ ഒരു സാഹിത്യശാഖയായിട്ടാണ് കാണുന്നതെന്നു തോന്നുന്നു.
'ഇതൊരു കുറ്റാന്വേഷണ കഥയായതുകൊണ്ട് ഒടുവില്‍ അപ്രതീക്ഷിതമായ ചില വളവുകളും തിരിവുകളുമൊക്കെ ഏത് അനുവാചകനും ന്യായമായി പ്രതീക്ഷിക്കാനുണ്ടാവും. നമ്മുടെ ഡിറ്റക്ടീവ് നോവലുകളുടെ രചനാ പാരമ്പര്യം അങ്ങനെയാണല്ലൊ'- പ്രശസ്ത നോവലിസ്റ്റ് സേതു തന്റെ 'വിളയാട്ടം' എന്ന നോവലില്‍ കുറിച്ചിട്ട ഈ വരികള്‍ തന്നെ മതി അദ്ദേഹത്തിനും പൊതുസമൂഹത്തിനും ഇതേക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാന്‍.
മലയാളി രചിച്ച ആദ്യനോവലായ അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' തന്നെയാണ് ആദ്യത്തെ അപസര്‍പ്പകനോവലായി ഹമീദ് പരിഗണിക്കുന്നത്, അതിനു കാരണമായി പറയുന്നത് പരിണാമഗുപ്തിയും. രണ്ടാമത്തെ നോവലായ ഒ എം ചെറിയാന്റെ 'മിസ്റ്റര്‍ കെയ്‌ലി'യാവട്ടെ സര്‍ ആര്‍തര്‍ കോണാന്‍ ഡോയലിന്റെ 'ചുവപ്പു തലക്കാരുടെ സംഘം' എന്ന ഷെര്‍ലക്‌ഹോംസ് കഥയുടെ നേര്‍പകര്‍പ്പാണെന്നു ഗ്രന്ഥകാരന്‍ ആരോപിക്കുന്നു. അപ്പന്‍ തമ്പുരാന്റെ 'ഭാസ്‌കരമേനോന്‍' കൃത്രിമത്വം മുഴച്ചുനില്‍ക്കുന്നുവെങ്കിലും ലക്ഷണമൊത്ത അപസര്‍പ്പകകഥയാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഇതിലും ഷെര്‍ലക്‌ഹോം സ്വാധീനമുണ്ട്. തുടര്‍ന്ന് എ ആര്‍ മാധവവാര്യര്‍, എ ഡി ഹരിശര്‍മ, സി മാധവന്‍പിള്ള, കാരാട്ട് അച്യുതമേനോന്‍, ബിജി കുറുപ്പ്, കോട്ടവിള പുരുഷോത്തമ പണിക്കര്‍, ഉമയനല്ലൂര്‍ ബാലകൃഷ്ണപ്പിള്ള, പി സി കോരുത്, പി എ വാര്യര്‍, എ എസ്       റോബര്‍ട്ട്, പോഞ്ഞിക്കര റാഫി, എം ആര്‍ നാരായണപിള്ള, അനുജന്‍ തിരുവാങ്കുളം (തിരുവാങ്കുളം തമ്പി), നീലകണ്ഠന്‍ പരമാര, ബാബു ചെങ്ങന്നൂര്‍, കെ എ ദാമോദര മേനോന്‍, മാതയില്‍ അരവിന്ദ്, എം എം മേനോന്‍, മൊയ്തു പടിയത്ത്, എം വി അലിക്കുട്ടി, ഹരിഹരന്‍ പരമാര, ഇടമറുക് ജോസഫ്, എ ഐ ജലീല്‍, തിരുനയിനാര്‍ കുറിച്ചി, പുത്തന്‍കാവ് മാത്തന്‍ തരകന്‍ തുടങ്ങി ഡിറ്റക്ടീവ് നോവലിസ്റ്റുകളുടെ നീണ്ട നിരതന്നെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇവരില്‍ പലരും മറ്റു രംഗങ്ങളില്‍ അറിയപ്പെടുന്നവരാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

സുവര്‍ണ കാലഘട്ടം
1961 മുതല്‍ 2000 വരെയുള്ള കാലയളവിനെയാണ് മലയാള കുറ്റാന്വേഷണത്തിലെ സുവര്‍ണഘട്ടമായി വിശേഷിപ്പിക്കുന്നത്. കോട്ടയം പുഷ്പനാഥ്, തോമസ് ടി അമ്പാട്ട്, ബാറ്റണ്‍ബോസ്, ശ്യാം മോഹന്‍, പ്രണാബ്, വേളൂര്‍ പി കെ രാമചന്ദ്രന്‍, മായാദാസന്‍ എന്നിങ്ങനെ ഈ മേഖലയില്‍ ലബ്ധപ്രതിഷ്ഠരായവരുടെ രചനകളെ വിലയിരുത്തുന്നു. അവര്‍ക്കു പുറമെ ലക്ഷണമൊത്ത അപസര്‍പ്പക കഥയായ 'വിഷബീജം' എഴുതിയ മലയാറ്റൂര്‍ രാമകൃഷ്ണന്‍, പത്രപ്രവര്‍ത്തകനായ പെരുന്ന കെ എന്‍ നായര്‍, പെറിമാസണ്‍ രീതിയില്‍ ആറ് ഇംഗ്ലീഷ് നോവലുകളെഴുതിയ പരമേശ്വരന്‍നായര്‍, ആധുനികസാഹിത്യത്തിലെ വേറിട്ട സൃഷ്ടിയായ 'സൂര്യവംശ'ത്തിന്റെ രചയിതാവ് മേതില്‍ രാധാകൃഷ്ണന്‍, സിനിമാ ജേണലിസ്റ്റ് ചേലങ്ങാട് ഗോപാലകൃഷ്ണന്‍, ഈയിടെ അന്തരിച്ച ചെറുകഥാകൃത്ത് അക്ബര്‍ കക്കട്ടില്‍, പത്രപ്രവര്‍ത്തകനായ ജോസ് പനച്ചിപ്പുറം തുടങ്ങിയവരുടെ കുറ്റാന്വേഷണസ്വഭാവമുള്ള നോവലുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
2001 മുതല്‍ 2011 വരെയുള്ള ഒരു ദശകകാലത്തെ രചനകളാണ് വര്‍ത്തമാനകാലമായി ഗ്രന്ഥകാരന്‍ കണക്കാക്കുന്നത്. ഈ ഘട്ടത്തെക്കുറിച്ച് ഹമീദ് എഴുതുന്നു: ''കേരളത്തിനു തനതായ, മലയാളത്തിന്റെ മണമുള്ള, ഒരു അപസര്‍പ്പകസാഹിത്യശാഖ ഉരുത്തിരിഞ്ഞു വരുന്നതേയുള്ളൂ. ആദ്യകാല കഥാകാരന്‍മാരെപോലെ പിന്നീടു വന്നവര്‍ -എംടിയും ടിഎന്‍ ജയചന്ദ്രനും മലയാറ്റൂരും ഉള്‍പ്പെടെയുള്ളവര്‍- ഇംഗ്ലീഷ് അനുകരണത്തിലേക്കു കടന്നപ്പോള്‍ ആധുനികരായ ഒരുകൂട്ടം എഴുത്തുകാര്‍ മലയാളത്തിനു തനതായ ഒരു അപസര്‍പ്പകശാഖ വെട്ടിത്തുറക്കാന്‍ ശ്രമിക്കുകയാണ്.''
പുതിയ തലമുറയിലെ അന്‍വര്‍ അബ്ദുല്ലയുടെ 'ഒന്നാംസാക്ഷി: സേതുരാമയ്യര്‍' എന്ന കൃതി തികച്ചും ഒറിജിനലാണെന്നത് ഗ്രന്ഥകാരനും ആഹ്ലാദം പകരുന്നു: 'ഒരു പുതിയ ശൈലി, പുതിയ കണ്‍സപ്റ്റ്, ഒരു പുതിയ കഥനരീതി. ലോക സാഹിത്യത്തിലെ ഏതു കുറ്റാന്വേഷണ നോവലിനോടും കിടപിടിക്കുന്നത്. അന്‍വറിന്റെ തന്നെ 'ദ സിറ്റി ഓഫ് എം, കംപാര്‍ട്ട്‌മെന്റ്' എന്നീ രചനകള്‍കൂടി വിലയിരുത്തിയ ശേഷം പറയുന്നു. 'ഈ നോവലോടുകൂടി കഥാകാരന്‍ മലയാള കുറ്റാന്വേഷണസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടുപിടിച്ചിരിക്കുന്നു.''

പാലേരി മാണിക്യവും
ഫ്രാന്‍സിസ് ഇട്ടിക്കോരയും
കെ എല്‍ മോഹനവര്‍മ, സേതു, ടി സി രാമകൃഷ്ണന്‍, ടി പി രാജീവന്‍ എന്നീ പ്രശസ്ത നോവലിസ്റ്റുകളുടെ സൃഷ്ടികളെയും പരാമര്‍ശിക്കുന്നുണ്ട്. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യെ പരാമര്‍ശിക്കവെ ഇന്റര്‍നെറ്റില്‍ നിന്നു കിട്ടിയ വിവരം ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് ആസ്വാദ്യകരമായി പാശ്ചാത്യ നോവലുകള്‍ക്ക് സമമായി വാര്‍ത്തെടുക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ടെന്നു ശ്ലാഘിക്കുന്നു. ഗ്രന്ഥകാരനും മാതൃകയായി കാണുന്നത് പാശ്ചാത്യ സാഹിത്യത്തെയാണെന്നര്‍ഥം. ഒരു ചെറുകഥയില്‍ അവസാനിപ്പിക്കാമായിരുന്ന ടിപി രാജീവന്റെ 'പാലേരി മാണിക്യം' നീട്ടിപ്പരത്തിപ്പറഞ്ഞിരിക്കുന്നുവെന്ന് പരാതിപ്പെടുമ്പോഴും മലയാള അപസര്‍പ്പക സാഹിത്യത്തിന് ഒരു തിലകക്കുറിയാണെന്നു പറയാനും മടിക്കുന്നില്ല. അക്ബര്‍ കക്കട്ടിലിന്റെ 'അതേ ഒരു കുറ്റാന്വേഷണ കഥ തന്നെ' എന്ന നോവല്‍ ദാര്‍ശനികമാനമുള്ള കൃതിയാണെന്നു വിലയിരുത്തുന്നു.

ആദ്യകൃതി പാതകകഥ
ഏതാനും കുറ്റാന്വേഷണ നോവലുകളുടെ രചയിതാവു കൂടിയായ ഹമീദ് തന്റെ കൃതികളെയും വസ്തുനിഷ്ഠമായി പരാമര്‍ശിക്കാന്‍ വിട്ടുപോയിട്ടില്ല. വിവര്‍ത്തനങ്ങളെക്കുറിച്ചുമുണ്ടൊരധ്യായം. എല്‍ എസ് ബിജു എഴുതിയ 'ഫൈറല്‍ ജെറ്റ്‌സ്' എന്ന മലയാളത്തിലെ ആദ്യത്തെ ഇ-നോവലിനെക്കുറിച്ചു വിവരിക്കാന്‍ ഒരു അധ്യായം തന്നെ നീക്കി വച്ചിട്ടുണ്ട്. 'സാഹിത്യത്തിന്റെ വഴികാട്ടി പാതകകഥകളാണെന്നു വിശ്വസിക്കുന്ന ഗ്രന്ഥകര്‍ത്താവ് ചെറുകഥയിലായാലും നോവലിലായാലും ബ്ലോഗായാലും ഇ-നോവലായാലും ആദ്യകൃതി പാതകകഥയാവുന്നു' എന്ന തന്റെ കണ്ടുപിടിത്തത്തിന് അടിവരയിടുന്നു.
വക അപസര്‍പ്പകസാഹിത്യത്തിനുണ്ടെന്ന് ഈ രണ്ടു ഗ്രന്ഥങ്ങളും സമര്‍ഥിക്കുന്നു.
Next Story

RELATED STORIES

Share it