കുറ്റവാളി ഉന്നതനായാലും ശിക്ഷിക്കണം: കെ ആര്‍ ഗൗരിയമ്മ

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടി ആവശ്യപ്പെട്ടു കന്യാസ്ത്രീമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ആര്‍ ഗൗരിയമ്മയും കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയും. പ്രായാധിക്യം കാരണം സമരവേദിയില്‍ നേരിട്ടെത്തുവാന്‍ സാധിക്കാത്ത ഗൗരിയമ്മയും ഗോപിയാശാനും സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് അയച്ച സന്ദേശം ഇന്നലെ സമരവേദിയില്‍ വായിച്ചു.
ഭാരതത്തില്‍ ചോളരാജാക്കന്‍മാര്‍ നടപ്പാക്കിയ ദേവദാസി സമ്പ്രദായവും സ്ത്രീകളെ യഥേഷ്ടം വില്‍ക്കാനും വാങ്ങാനും സ്വാതന്ത്ര്യമുണ്ടായിരുന്ന മൗര്യകാലഘട്ടവും രാജ്യത്തിന്റെ ഇരുണ്ട യുഗമായിരുന്നു. ഈ കാലങ്ങളില്‍ പോലും ക്രിസ്തുമതത്തിലെ സന്യാസിമാരെയും പുരോഹിതന്‍മാരെയും ബഹുമാനത്തോടെയാണ് ഏവരും കണ്ടിരുന്നത്. ക്രിസ്തീയ മിഷനറികള്‍ നമ്മുടെ നാടിനും, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയ്ക്കും നല്‍കിയിട്ടുള്ള സംഭാവനകള്‍ അതുല്യമാണ്. അതെല്ലാം തമസ്‌കരിക്കുന്ന രീതിയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ അപലപനീയമാണെന്ന് സന്ദേശത്തില്‍ ഗൗരിയമ്മ പറഞ്ഞു.
വേദനയോടെയാണ് താന്‍ ഈ കുറിപ്പ് എഴുതുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നേരിട്ടു പങ്കാളിയാവണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം അനുവദിക്കുന്നില്ല. കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഉചിതമായ അന്വേഷണം നടത്തി കുറ്റവാളി എത്ര ഉന്നതനാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു.
കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശം അറിയിച്ചു. സന്ദേശം സമരവേദിയില്‍ തോമസ് പാവറട്ടി വായിച്ചു. സമരം ഒരുപാട് മാനസികവിഷമം സൃഷ്ടിച്ചുവെന്നും എത്രയും വേഗം കന്യാസ്ത്രീകള്‍ക്കു നീതി ലഭിക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
മതത്തിന്റെ പരിശുദ്ധി ആത്മാവില്‍ കാത്തു സൂക്ഷിക്കുന്ന കന്യാസ്ത്രീമാരുടെ സമരത്തിനു പിന്തുണ നല്‍കാന്‍ സമൂഹമൊന്നാകെ മുന്നോട്ടുവരണമെന്നും ഗോപിയാശാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it