ernakulam local

കുറ്റങ്ങളുടെ അടിസ്ഥാന കാരണം സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ: ജസ്റ്റിസ് രാജ വിജയരാഘവന്‍

കൊച്ചി: കുറ്റങ്ങളുടെ അടിസ്ഥാന കാരണം സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍.എറണാകുളം ഗവ.ലോ കോളജ് സെന്റര്‍ ഫോര്‍ ക്രിമിനല്‍-ലോ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടിക്കുറ്റവാളികളില്‍ 50ശതമാനത്തിലേറെയും 25000 രൂപയ്ക്കുതാഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് പാര്‍ലമെന്ററി സമിതി കണ്ടെത്തിയത്. നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ എല്ലാവരേയും പക്ഷംതിരിഞ്ഞ ചര്‍ച്ചയ്ക്കു പ്രേരിപ്പിച്ചു. കുട്ടികള്‍ക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരണമുണ്ടായി. റാക്കറ്റുകളുടെ വലയില്‍പ്പെട്ടവരാണ് കുട്ടികുറ്റവാളികളില്‍പ്പെടുന്ന മറ്റൊരു വിഭാഗം.
മുതിര്‍ന്നവര്‍ ഭാരമായി കണക്കാക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളിലെ തുറന്ന ചര്‍ച്ച നിയമവിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം ആശംസിച്ചു. പാഴ് വസ്തുക്കളും മാലിന്യവും കളയുംപോലെ ഗുരുവായൂരിലെ നടതള്ളല്‍ പോലെ വൃദ്ധരെ ഒഴിവാക്കുന്ന കാലഘട്ടത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് ഗുണമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രിന്‍സിപ്പല്‍ ഡോ.ആര്‍ ബിജുകുമാര്‍ പറഞ്ഞു.
എല്ലാ സ്‌നേഹ പരിലാളനകളും നല്‍കി വളര്‍ത്തുന്ന കുട്ടികള്‍ മറ്റൊരു രീതിയില്‍ മാറുന്നതിനേയും വൃദ്ധരുടേയും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ത്രിദിന സെമിനാര്‍ സെന്റര്‍ ഫോര്‍ ക്രിമിനല്‍ ലോ യുടെ 2016ലെ പ്രഥമ സംരംഭമാണെന്ന് ഡയറക്ടര്‍ ഡോ.ബിന്ദു എം നമ്പ്യാര്‍ പറഞ്ഞു.
അസോസിയേറ്റ് പ്രഫ.കെ ജെ രാജന്‍, യൂനിയന്‍ ചെയര്‍മാന്‍ അനന്തവിഷ്ണു, ജനറല്‍ സെക്രട്ടറി ഒ വി അശ്വിന്‍, അസി. പ്രഫ. സി എ ദിലീപ് സംസാരിച്ചു. വിവിധ നിയമനിര്‍മാണങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ എന്ന വിഷയം ഇന്നത്തെ സെമിനാറില്‍ അവതരിപ്പിക്കും. മൂന്നുദിവസം നീളുന്ന ദേശീയ സെമിനാര്‍ 26ന് വൈകീട്ട് സമാപിക്കും.
Next Story

RELATED STORIES

Share it