kasaragod local

കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാന്‍ സ്ഥാപിച്ച കാമറകള്‍ നോക്കുകുത്തിയായി

കാസര്‍കോട്: നഗരത്തിലും പരിസരങ്ങളിലും അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ തടയാനായി പോലിസ് സ്ഥാപിച്ച സിസിടിവി കാമറകള്‍ നോക്കുകുത്തിയായി.നഗരത്തിലും പരിസരങ്ങളിലുമായി 40ലധികം നിരീക്ഷണ കാമറകള്‍ അഞ്ച് വര്‍ഷം മുമ്പാണ പോലിസ് സ്ഥാപിച്ചത്. എംഎല്‍എ ഫണ്ടും ആഭ്യന്തര വകുപ്പിന്റെ ധനസഹായവും ഉപയോഗിച്ചാണ് കെല്‍ട്രോണ്‍ കമ്പനിയുടെ സിസിടിവി കാമറകള്‍ സ്ഥാപിച്ചത്. സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടവും സാമുദായിക സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് നഗരത്തിലും പരിസരങ്ങളിലും ലക്ഷങ്ങള്‍ ചെലവഴിച്ച് കാമറകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ കാമറകള്‍ സ്ഥാപിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും കാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നു.
ഇത് സ്ഥാപിച്ച തിരുവനന്തപുരത്തേ കെല്‍ട്രോണ്‍ കമ്പനി ഗാരന്റിയും വാറന്റിയും നല്‍കിയിരുന്നു. കാമറകള്‍ ഒരു പ്രാവശ്യം കമ്പനി അധികൃതര്‍ എത്തി നന്നാക്കി മടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും കാമറകളില്‍ പലതും നന്നാക്കി ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനരഹിതമായി.
പ്രവര്‍ത്തിക്കാത്ത കാമറകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് പോലിസ് കെല്‍ട്രോണ്‍ കമ്പനി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ഗ്യാരന്റിയും വാറന്റിയും കഴിഞ്ഞുവെന്നാണ് മറുപടി ലഭിച്ചത്. എംജി റോഡിലെ ടിഎ ഇബ്രാഹിം സ്മാരക മന്ദിരത്തിന് താഴെ പ്രവര്‍ത്തിക്കുന്ന ബെഡ് കടയില്‍ കയറി എസ്ഡിപിഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ സംഘപരിവാര്‍ സംഘം കുത്തി കൊലപ്പെടുത്തിയിരുന്നു.
ഈ പരിസരത്ത് സിസിടിവി കാമറകള്‍ ഉണ്ടായിരുന്നു. പോലിസ് കുറ്റവാളികളെ പിടികൂടാന്‍ സിസിടിവി കാമറകള്‍ പരിശോധിച്ചതോടെ പലതും പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നഗരത്തില്‍ സ്ഥാപിച്ച കാമറകള്‍ മുഴുവനും പരിശോധിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതോടെ പരിശോധിക്കുകയും മിക്കവയും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ മാസം മീപ്പുഗിരി രിഫായി മസ്ജിദിലെ കോംപൗണ്ടില്‍ കയറി ആക്രമം നടത്തി മണി കുറുകള്‍ക്ക് പോലിസിന്റെ പിടിയിലാവാന്‍ പ്രധാനകാരണം പളളിയില്‍ സ്ഥാപിച്ച സിസിടി വി കാമറയില്‍ ആക്രമികളുടെ ദൃശ്യങ്ങളായിരുന്നു. ഈ ഭാഗത്ത് പോലിസ് സ്ഥാപിച്ച സിസിടി വി ക്യാമറ ആക്രമികള്‍ തിരിക്കുന്നതും പള്ളിക്യാമറയില്‍ പതിഞ്ഞിരുന്നു.
സാമുദായിക ധ്രുവീകരണ ം ലക്ഷ്യമിട്ട് സംഘര്‍ഷങ്ങ ള്‍ പതിവായ സ്ഥലങ്ങളിലെല്ലാം പോലിസ് സ്ഥാപിച്ച ക്യാമറകളില്‍ പലതും നോക്കുകുത്തിയായത് പോലിസിന് തന്നെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സിസിടിവികളില്‍ പലതും നോക്കുകുത്തിയായിട്ടും അതിനെ നന്നാക്കാനുള്ള നടപടികള്‍ എടുക്കാനാവാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it