Kottayam Local

കുറ്റകൃത്യങ്ങള്‍ തടയാന്‍ കമ്മീഷന്റെ കര്‍ശന നിര്‍ദേശം

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അഴിമതി, തിരഞ്ഞെടുപ്പ് സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലിസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരന്‍മാര്‍ തമ്മില്‍ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളര്‍ത്താന്‍ പാടില്ല. തിരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയുന്നതിനു ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ യോഗങ്ങള്‍ അലങ്കോലപ്പെടുത്തുകയോ ചെയ്യുന്നതു നിയമ വിരുദ്ധമാണ്. വോട്ടു രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതു സംബന്ധിച്ച് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനോ ഏജന്റോ അല്ലെങ്കില്‍ മറ്റൊരാളോ വോട്ടു ചെയ്യലിന്റെ രഹസ്യ സ്വഭാവം ലംഘിക്കാന്‍ ഇടയാവുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ല.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരാണാധികാരിയോ സഹവരണാധികാരിയോ പ്രിസൈഡിങ് ഓഫിസറോ പോളിങ് ഓഫിസറോ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയോ വോട്ടിങിനെ സ്വാധീനിക്കുകയോ ചെയ്യരുത്. വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനടുത്തോ പഞ്ചായത്ത് നിയോജക മണ്ഡലത്തിന്റെ 200 മീറ്റര്‍/മുന്‍സിപ്പല്‍ വാര്‍ഡ് പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ ദൂരത്തിനകത്തുള്ള പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ വോട്ടുപിടിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്യരുത്.
വോട്ടു ചെയ്യാനെത്തുന്നവര്‍ക്ക് അസഹ്യമാവുന്ന തരത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെയോ മറ്റുള്ളവരുടെയോ പ്രവര്‍ത്തിയില്‍ ഇടപെടുന്നതും പോളിങ് സ്റ്റേഷന്റെ അകത്തോ പ്രവേശന വഴിയിലോ പൊതുസ്ഥലത്തോ ക്രമരഹിതമായി പെരുമാറുന്നതും കുറ്റകരമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ഏജന്റോ പോളിങ് ഏജന്റോ ആയി പ്രവര്‍ത്തിക്കരുത്.
പോളിങ് സ്റ്റേഷനോ പോളിങ് നിശ്ചയിച്ച സ്ഥലമോ കൈവശപ്പെടുത്തുകയും മറ്റുള്ളവരെ വോട്ടു ചെയ്യുന്നതില്‍ നിന്നു തടയുകയുകയും ചെയ്യുന്നത് കുറ്റകരമാണ്. ഏതെങ്കിലും വോട്ടറെ ഭീക്ഷണിപ്പെടുത്തി വോട്ടു രേഖപ്പെടുത്തുന്നതില്‍ നിന്ന് തടയുക, ബൂത്തു പിടിച്ചെടുക്കല്‍, വോട്ടെണ്ണല്‍ കേന്ദ്രം പിടിച്ചെടുക്കല്‍ വോട്ടെണ്ണലിനെ ബാധിക്കുന്ന ഏതെങ്കിലും കാര്യം ചെയ്യുന്നതും നിയമ ലംഘനമാണ്. തിരഞ്ഞടുപ്പിന്റെ ഉപയോഗത്തിനായുള്ള വോട്ടിങ് യന്ത്രം യഥാവിധിയുള്ള അധികാരം കൂടാതെ നശിപ്പിക്കുകയോ തുറക്കുകയോ മറ്റു വിധത്തില്‍ ഇടപെടുകയോ ചെയ്യരുത്. ഏതെങ്കിലും സ്ഥാനാര്‍ഥിയ്ക്കു വോട്ട് ചെയ്യുന്നതു ദൈവീകമായ അപ്രീതിയ്ക്കു കാരണമാവു എന്ന് ഭീക്ഷണിപ്പെടുത്തി ഒരാളുടെ വോട്ടവകാശം വിനിയോഗിക്കുന്നതില്‍ ഇടപെടാന്‍ പാടില്ല. വോട്ടു ചെയ്യുന്നതിനായി വോട്ടറെ അവിഹിതമായി സ്വാധീനിക്കുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും ആള്‍മാറാട്ടം നടത്തുന്നതും വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. ഇത്തരം കുറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വരണാധികാരി/ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ പോലിസില്‍ വിവരം അറിയിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it