കുറ്റകൃത്യങ്ങള്‍ ചെയ്തത് ഒറ്റയ്ക്ക്; മറ്റാര്‍ക്കും പങ്കില്ലെന്ന് സൗമ്യ

തലശ്ശേരി: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പടന്നക്കര വണ്ണത്താംവീട്ടില്‍ സൗമ്യ(29)യെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ഈ മാസം 29 വരെ ചോദ്യംചെയ്യാനായി വിട്ടുനല്‍കിയത്.
ഇന്നലെ വൈകീട്ട് 5ന് ശേഷമാണ് എഎസ്പി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തില്‍ സൗമ്യയെ കോടതിയിലെത്തിച്ചത്. കുറ്റകൃത്യങ്ങള്‍ താന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും തുടര്‍ ചോദ്യംചെയ്യലില്‍ സൗമ്യ ആവര്‍ത്തിച്ചതായാണു സൂചന.
തലശ്ശേരി സിഐ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. തെളിവെടുപ്പ് അരമണിക്കൂറോളം നീണ്ടു. വിഷം നല്‍കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന പാത്രം പരിശോധനയ്ക്കായി കൊണ്ടുപോയി. വൈകീട്ട് 3.05ഓടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തലശ്ശേരി എഎസ്പി ഓഫിസിലേക്ക് കൊണ്ടുപോയി.
കണ്ണൂരില്‍നിന്നെത്തിയ ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം സൗമ്യയെ വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതമൊഴി മാറ്റിപ്പറയുമെന്ന സംശയത്തെ തുടര്‍ന്നാണ് എസ്പി തന്നെ നേരിട്ടെത്തിയതെന്നാണ് വിവരം.
അതിനിടെ, നേരത്തേ നിരീക്ഷണത്തിലായിരുന്ന നാലുപേരെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. വിഷം വാങ്ങിനല്‍കിയെന്നു സംശയിക്കുന്ന ഓട്ടോഡ്രൈവര്‍, ഒരു ക്രിമിനല്‍ കേസ് പ്രതി തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ മൂന്നുപേര്‍ക്ക് യുവതിയുമായി അവിഹിതബന്ധമുണ്ടെന്നും  കൊലപാതകത്തെക്കുറിച്ച് അറിവുണ്ടെന്നുമുള്ള സംശയം ബലപ്പെട്ടിരുന്നുവെങ്കിലും തനിച്ചാണ് കൊല ആസൂത്രണം ചെയ്തതെന്ന സൗമ്യയുടെ മൊഴിയെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചതെന്നാണു സൂചന.
Next Story

RELATED STORIES

Share it