palakkad local

കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചു; പോലിസിന് തലവേദന



പാലക്കാട്: ജില്ലയില്‍ ക്രിമിനല്‍ കേസുകള്‍ കുന്നുകൂടുന്നതും തെളിയാത്ത കേസുകളും  പോലിസിന്  തലവേദനയാവുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാവുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തെളിയാത്ത കേസുകളുടെ എണ്ണവും വര്‍ധിച്ചു. ജില്ലയില്‍ കഴിഞ്ഞവര്‍ഷം 19050 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2010 ല്‍ ഇത് 10420 മാത്രമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ വലിയ വര്‍ധനയാണ് ഓരോവര്‍ഷവും ഉണ്ടാവുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊലപാതകം, കൊലപാതകശ്രമം, ബലാല്‍സംഗം, പീഡനശ്രമങ്ങള്‍, കവര്‍ച്ച, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മയക്കുമരുന്നു കടത്തലും മദ്യകേസുകളും ഇതിനു പുറമേ വരും. അതേസമയം ക്രിമിനല്‍ കേസുകള്‍ ഓരോവര്‍ഷവും വര്‍ധിക്കുകയും കേസുകള്‍ പിടികൂടുന്നതും തെളിയിക്കപ്പെടുന്നതും കുറയുകയുമാണ്. ഇക്കാര്യത്തില്‍ പോലിസിന് ഏറെ പഴിയും കേള്‍ക്കേണ്ടി വരുന്നു. ഭൂരിഭാഗം കേസുകളിലും പോലിസ് നിസ്സഹായരാണ്. മുമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു കീഴിലും ഡിവൈഎസ്പിക്കു കീഴിലുമെല്ലാം കേസുകള്‍ക്കു തുമ്പുണ്ടാക്കാനും അന്വേഷണം നടത്തുന്നതിനും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. ഈ സ്‌ക്വാഡുകള്‍ മികച്ച നിലയില്‍ തന്നെ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌ക്വാഡിലെ ചില ഉദ്യോഗസ്ഥന്മാര്‍ സ്ഥലം മാറിയതും   മറ്റും കാരണം പ്രവര്‍ത്തനം താളം തെറ്റി. ചെര്‍പ്പുളശ്ശേരിയില്‍ നിന്നു കോടികള്‍ വിലമതിക്കുന്ന രാജാരവിവര്‍മയുടെ എണ്ണഛായാചിത്രം മോഷണം പോയത് പിടികൂടിയതും പനമണ്ണ ഇരട്ടകൊലക്കേസ് പ്രതിയെ പിടികൂടിയതും ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ ക്രൈം സ്‌ക്വാഡുകള്‍ക്കും കഴിഞ്ഞിരുന്നു. പിടികൂടുന്ന കേസുകളുടെ എണ്ണത്തില്‍ ജില്ല പിറകില്‍ നില്‍ക്കുന്നതു കൊണ്ടാണ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധയുണ്ടാവുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചയായാണ് ഇതിനെ പൊതുസമൂഹം കാണുന്നത്.  ക്രിമിനലുകളുടെ വിദഗ്ധതയാണ് പോലിസിനെ കേസ് തെളിയിപ്പിക്കുന്നതില്‍ കുഴയ്ക്കുന്നതിനു കാരണം. തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് ഇവര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതെന്നു പോലിസ് പറയുന്നു. സുപ്രധാന കേസുകളില്‍ പോലിസ് ഇരുട്ടില്‍ തപ്പുകയാണ്. ജില്ലയില്‍ ഓരോ സ്റ്റേഷനുകളിലും കേസുകള്‍ ദിനംപ്രതി കുമിഞ്ഞു കൂടുന്നു. ജില്ലയില്‍ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒറ്റപ്പാലത്താണ്. വിവിധ സ്റ്റേഷനുകളില്‍ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തത് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it