കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനി നിയമഭേദഗതിക്ക്

ബെര്‍ലിന്‍: കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമ കേസുകളിലും ഉള്‍പ്പെടുന്ന അഭയാര്‍ഥികളെ നാടുകടത്താന്‍ നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍.
പുതുവല്‍സരാഘോഷത്തിനിടെ കൊളോണില്‍ അഭയാര്‍ഥികള്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ അഭയാര്‍ഥി അനുകൂല നയത്തില്‍ മാറ്റംവരുത്തണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. സംഭവത്തില്‍ കൊളോണ്‍ സിറ്റി പോലിസ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. ജര്‍മനിയില്‍ നിലവിലുള്ള നിയമപ്രകാരം മൂന്നു വര്‍ഷമെങ്കിലും ജയില്‍വാസത്തിനു ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ പാടുള്ളൂ.
മാതൃരാജ്യത്ത് അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ചെറിയതോതിലുള്ള തടവിനു ശിക്ഷിക്കപ്പെട്ടാല്‍ പോലും അഭയാര്‍ഥികളെ തിരിച്ചയക്കണമെന്നാണ് മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ നിയമഭേദഗതി അത്യാവശ്യമാണെന്നും നിയമ, ആഭ്യന്തര മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്തതായി മെര്‍ക്കല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it