കുറ്റം സംശയാതീതമായി തെളിയുന്നതുവരെ ബിഷപ് കുറ്റക്കാരനല്ലെന്ന് കെ എം മാണി

കോട്ടയം: നിയമവ്യവസ്ഥയനുസരിച്ച് ആരോപിക്കപ്പെടുന്ന കുറ്റം സംശയാതീതമായി തെളിയുന്നതുവരെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. കന്യാസ്ത്രീ കുറ്റക്കാരിയെന്നോ ബിഷപ് കുറ്റക്കാരനെന്നോ താന്‍ പറയുന്നില്ല. താനെപ്പോഴും ഇരകള്‍ക്കൊപ്പമാണ്. താന്‍ ഇരയ്ക്കും വേട്ടക്കാരനുമൊപ്പമാണെന്ന വിമര്‍ശനം വ്യാഖ്യാനം മാത്രമാണ്. കന്യാസ്ത്രീയെ കണ്ടില്ല എന്നതുകൊണ്ട് അവരോട് സഹതാപമില്ലെന്നു കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ സന്ദര്‍ശിച്ച കാര്യം സംബന്ധി ച്ച് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാരാഗൃഹത്തി ല്‍ കഴിയുന്ന വിശ്വാസിയെ സന്ദര്‍ശിക്കുന്നത് വലിയ സുവിശേഷവും സേവനവുമാണ്. പ്രത്യേകിച്ച് പാലായിലെ കാരാഗൃഹത്തിലാവുമ്പോള്‍. ക്രിസ്തീയവിശ്വാസമനുസരിച്ച് കാരാഗൃഹത്തിലായ വിശ്വാസിയെ സന്ദര്‍ശിച്ചില്ലെങ്കില്‍ അന്ത്യവിധി സമയത്ത് ദൈവം ചോദ്യംചെയ്യും. എന്തുകൊണ്ട് വിശ്വാസിയെ പോയി കണ്ട് ആശ്വസിപ്പിച്ചില്ലെന്ന് ദൈവം ചോദിക്കും. കന്യാസ്ത്രീ കാരാഗൃഹത്തിലല്ലാത്തതിനാലാണ് അവരെ കാണാതിരുന്നതെന്നും കെ എം മാണി കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് ജഡ്ജിക്കെതിരേ താന്‍ ഭീഷണിക്കത്ത് അയക്കുമെന്ന് ആരും വിശ്വസിക്കില്ല. ജഡ്ജിക്ക് അതൃപ്തിയുണ്ടാക്കുന്ന കാര്യം നിയമമന്ത്രിയായിരുന്ന താന്‍ ചെയ്യില്ലെന്ന് എല്ലാവര്‍ക്കും അറിയാം. തന്നോട് ശത്രുതയുള്ള ആരോ ആണ് ഇതിനു പിന്നില്‍. മാധ്യമവാര്‍ത്തകള്‍ക്കു പിന്നില്‍ പി സി ജോര്‍ജാണോ എന്ന ചോദ്യത്തിന്, കെ എം മാണി കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.

Next Story

RELATED STORIES

Share it