Flash News

കുറ്റം ചെയ്തിട്ടില്ല; രണ്ടാമത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു:അമീറുള്‍ ഇസ് ലാം

കുറ്റം ചെയ്തിട്ടില്ല; രണ്ടാമത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു:അമീറുള്‍ ഇസ് ലാം
X
കൊച്ചി: താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജിഷ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ് ലാം. കേസില്‍ രണ്ടാമത് ഒരു അന്വേഷണം നടത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമീറുള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതി നടപടികള്‍ക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അമീറുള്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.


പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് അമീറുള്‍ ഇസ് ലാം. കേസില്‍ അമീറുള്‍ കുറ്റക്കാരനാണെന്ന് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. നാളെയാണ് അമീറുളിനുള്ള ശിക്ഷ കോടതി വിധിക്കുക.
ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കല്‍), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക), ദലിത് പീഡന നിരോധന നിയമ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി ചുമത്തിയിട്ടുള്ളത്.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ കനാല്‍ ബണ്ട് റോഡിലെ പുറമ്പോക്കില്‍ താമസിച്ചിരുന്ന നിയമവിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. കേസിലെ ഏക പ്രതിയാണ് അമീറുള്‍ ഇസ് ലാം.കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പ്രതി അമീറുള്‍ ഇസ് ലാമിനെ കാഞ്ചീപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്.ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ് ലാമിനെ പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്.  ബലാല്‍സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.
നൂറു സാക്ഷികളെ വിസ്തരിച്ച കേസില്‍ 245 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

[related]
Next Story

RELATED STORIES

Share it