wayanad local

കുറുവ: പ്രശ്‌നപരിഹാരത്തിന് സിപിഎം-സിപിഐ ധാരണ

മാനന്തവാടി: പാരിസ്ഥിക പ്രത്യാഘാതങ്ങളുടെ പേരില്‍ വനംവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കുറുവ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ധാരണയിലെത്തിയതായി സൂചന. ഇരുകക്ഷികളുടെയും നേതാക്കള്‍ തമ്മില്‍ ഇതു സംബന്ധിച്ച് ഇന്നലെ കൂടിക്കാഴ്ച നടത്തി. മുമ്പ് ദ്വീപില്‍ ജോലി ചെയ്തിരുന്ന സിപിഐ പ്രവര്‍ത്തകനായ വ്യക്തിയെ ആരോപണങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്. സിപിഎം നിയന്ത്രണത്തിലുള്ള ഡിഎംസിയാണ് ഇയാളെ പിരിച്ചുവിട്ടത്. ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്നു നിരവധി തവണ സിപിഐ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സിപിഎം തയ്യാറാവാതിരുന്നതൊടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. ഇതിനുള്ള പ്രതികാരമെന്നോണമാണ് സിപിഐ ഭരിക്കുന്ന വനംവകുപ്പില്‍ സമ്മര്‍ദം ചെലുത്തി ദ്വീപില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. അനിയന്ത്രിത ടൂറിസം ജൈവവൈവിധ്യ മേഖലയായ കുറുവയുടെ നാശത്തിനിടയാക്കുമെന്നും കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്കിറങ്ങുന്നതിനു പ്രധാന കാരണം വനമേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നും സൗത്ത് വയനാട് ഡിഎഫ്ഒ റിപോര്‍ട്ട് നല്‍കുകയും ഇതു പ്രകാരം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിയന്ത്രണങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതിനിടെ കര്‍ഷകരായ രണ്ടുപേര്‍ ചേര്‍ന്നു ദ്വീപ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നിലും സിപിഐ ആണെന്നാണ് സിപിഎം കരുതുന്നത്. ഇതു കടുത്ത പ്രതിഷേധത്തിനിടയാക്കുകയും സിപിഎം നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഡിവൈഎഫ്‌ഐ ആരംഭിച്ച ഉപവാസസമരത്തില്‍ ഉദ്ഘാടകനായ എല്‍ഡിഎഫ് കണ്‍വീനര്‍ സിപിഐയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ദ്വീപ് അടച്ചുപൂട്ടുന്നതു നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്നുമുള്ള തോന്നലില്‍ നിന്നാണ് ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയതെന്നു പറയപ്പെടുന്നു. മാനന്തവാടിയിലെ ഇരുപാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒന്നുംതന്നെ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ചര്‍ച്ചയിലെ തിരുമാനപ്രകാരം പിരിച്ചുവിട്ടയാളെ തിരിച്ചെടുക്കാമെന്നു സിപിഎമ്മും സഞ്ചാരികളുടെ എണ്ണം 400ല്‍ നിന്നു മൂവായിരമായി വര്‍ധിപ്പിക്കാന്‍ മന്ത്രിതലത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സിപിഐയും സമ്മതിച്ചതായാണ് സൂചന. അതിനിടെ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പ്രഹസനമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it