malappuram local

കുറുമ്പലങ്ങോട് പ്രതിരോധം ഊര്‍ജിതമാക്കി

എടക്കര: ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൂടാതെ നിയമ നടപടികള്‍കൂടി ആരംഭിച്ചു. പാരാര്‍, വള്ളിമുറ്റം, മുരുകാഞ്ഞിരം, വെണ്ടേക്കുംപൊട്ടി, പാത്രക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ വെക്ടര്‍ കണട്രോള്‍ യൂനിറ്റ്, ചുങ്കത്തറ ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുള്‍ ജലില്‍ വല്ലാഞ്ചിറ, ജില്ലാ മെഡിക്കല്‍ ഓഫിസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് യു കെ കുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എഴുപതംഗ സംഘമാണ് ഇന്നലെ പ്രദേശത്ത് ബോധവല്‍ക്കരണം പ്രതിരോധ പ്രവര്‍ത്തനം, നിയമനടപടികള്‍ എന്നിവ നടത്തിയത്. മുപ്പത്തിയഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് പ്രദേശത്തെ വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച സംഘങ്ങള്‍ കൊതുക് നിര്‍മാര്‍ജനം, ഡെങ്കിപ്പനി പ്രതിരോധം എന്നിവയ്ക്കുവേണ്ട നിര്‍ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കി. വീടുകളിലും, സ്ഥാപനങ്ങളിലും കൊതുക് സാന്ദ്രത നൂറ്റിരണ്ടിലെത്തിയതായി സംഘം കണ്ടെത്തി.
സാന്ദ്രത പത്തിന് മുകളിലാണെങ്കില്‍ക്കൂടി പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യത കൂടുതലാണെന്നിരിക്കെയാണ് നിലവിലെ സാഹചര്യം. കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, ക്ലബ് പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘങ്ങള്‍ പ്രദേശത്തെ 462 വീടുകളിലും, പതിനഞ്ച് സ്ഥാപനങ്ങളിലും പരിശോധനയും ഉറവിട നശീകരണവും നടത്തി. കൊതുകുജന്യ രോഗ വ്യാപനത്തിന് കാരണമാവുംവിധം പ്രവര്‍ത്തിക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടമുടമകള്‍ എന്നിവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു. ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടും മാലിന്യം വേണ്ടവിധം സംസ്‌കരിക്കുകയോ, മാറ്റുകയോ ചെയ്യാതിരുന്ന പതിനഞ്ച് വീടുകള്‍ക്കും, നാല് വ്യാപാര സ്ഥാനങ്ങള്‍ക്കുമെതിരേ സംഘം ഇന്നലെ പിഴ ചുമത്തി. നിയമലംഘകരുടെ പേരില്‍ പരിശോധന നടത്തി കോടതി നടപടികളും, പിഴ ചുമത്തലും വരും ദിവസങ്ങളിലും തുടരും. ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം പ്രദേശത്ത് ഒരാഴ്ച ക്യാംപ് ചെയ്ത് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
അസിസ്റ്റന്റ് ലെപ്രസി ഓഫിസര്‍ അബ്ദുള്‍ ഹമീദ്, ചാലിയാര്‍, ചുങ്കത്തറ, പോത്തുകല്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. യാസിറ, ഡോ. ബീന റസാഖ്, ഡോ. സ്‌നോവൈറ്റ്, അസിസ്റ്റന്റ് എന്റമോളജിസ്റ്റ് കിരണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശബരിശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ അരുണ്‍കുമാര്‍, സുനില്‍കുമാര്‍, ഗോപാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ജെഎച്ച്‌ഐ ബിനു കുര്യന്‍, ജെപിഎച്ച് എന്‍ ലിജുതോമസ്, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it