കുറുമാലി പുഴയില്‍ കുളിക്കാനിറങ്ങിയ പിതാവും മകനും മുങ്ങിമരിച്ചു

തൃശൂര്‍: കുറുമാലി പുഴയില്‍ കുളിക്കാനിറങ്ങിയ പിതാവും മകനും മുങ്ങിമരിച്ചു.
വേലൂപ്പാടം ലക്ഷംവീട് കോളനിക്ക് സമീപം താമസിക്കുന്ന വരന്തരപ്പിള്ളി പൗണ്ട് സ്വദേശി ചെറാട്ടില്‍ മുസ്തഫ (45), മകന്‍ കല്‍ഫാന്‍ (14) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. കുറുമാലി പുഴയിലെ വേലൂപ്പാടം കലവറക്കുന്നിലെ പാറക്കടവില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കടവില്‍ ആദ്യം ഇറങ്ങിയ കല്‍ഫാന്‍ മണലില്‍ അകപ്പെട്ട് പോവുന്നത് കണ്ട് മുസ്തഫ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അരയ്‌ക്കൊപ്പം മണലില്‍ മുങ്ങിയ കല്‍ഫാന്‍ പുഴയിലെ കയത്തിലേക്കു വീഴുകയായിരുന്നു. കല്‍ഫാനെ രക്ഷപ്പെടുത്തുന്നതിനിടെ മുസ്തഫയും ഒഴുക്കില്‍പ്പെട്ടു. കടവില്‍ നില്‍ക്കുകയായിരുന്ന മുസ്തഫയുടെ രണ്ടാമത്തെ മകന്‍ ഫര്‍ഹാന്റെ നിലവിളി കേട്ടാണ് കടവില്‍ തുണി കഴുകിയിരുന്ന രണ്ടു സ്ത്രീകള്‍ ഇവര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. അവര്‍ ഉടന്‍ നാട്ടുകാരെ വിളിച്ചുവരുത്തി. 15 മിനിറ്റോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. സമീപത്തുള്ള വേലൂപാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുംമുമ്പെ ഇരുവരും മരിച്ചിരുന്നു.
വേലൂപ്പാടം സെന്റ് ജോസഫ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കല്‍ഫാന്‍. വിദേശത്തു ജോലി ചെയ്യുന്ന മുസ്തഫ ഒന്നര മാസം മുമ്പാണു നാട്ടിലെത്തിയത്.
വരന്തരപ്പിള്ളി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. മുസ്തഫയുടെ ഭാര്യ സീനത്ത്. മകള്‍: ഫിദ ഫാത്തിമ.



Next Story

RELATED STORIES

Share it