wayanad local

കുറുക്കന്‍മൂല റോഡ് നിര്‍മാണത്തില്‍ അപാകത സമ്മതിച്ച് അധികൃതര്‍

മാനന്തവാടി: നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് റോഡ് നിര്‍മാണത്തില്‍ അപാകത തുറന്നു സമ്മതിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍. കാട്ടിക്കുളം-ചങ്ങലഗേറ്റ്-കുറുക്കന്‍മൂല റോഡ് പണിയില്‍ വന്‍ ക്രമക്കേട് ആരോപിച്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍ അടക്കമുള്ളവരെ നാട്ടുകാര്‍ നടുറോഡില്‍ തടഞ്ഞിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട എംഎല്‍എ ഒ ആര്‍ കേളു തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുകയും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്നു കണ്ടെത്തുകയായിരുന്നു. അപാകതയുള്ള സ്ഥലങ്ങളില്‍ റീ ടാറിങ് നടത്താനും ടാര്‍ ചെയ്ത ഭാഗങ്ങളില്‍ പാതയോരത്ത് മണ്ണിടാനും നിര്‍ദേശം നല്‍കി.
റിപോര്‍ട്ട് എംഎല്‍എയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഈ റോഡിന്റെ നവീകരണത്തിന് 57 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നു. 2.200 കിലോമീറ്റര്‍ നിര്‍മാണം നാലുദിവസം മുമ്പാണ് തുടങ്ങിയത്. ഏകദേശം 1.500 കിലോമീറ്റര്‍ പൂര്‍ത്തിയായി. കൃത്യമായ അളവില്‍ സാധനങ്ങള്‍ ഉപയോഗിക്കാതെ ടാറിങ് നടത്താന്‍ ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചെന്നാരോപിച്ചാണ് പ്രതിഷേധമുയര്‍ന്നത്.
Next Story

RELATED STORIES

Share it