കുറിഞ്ഞി ഉദ്യാനം, വിസ്തൃതിയില്‍ മാറ്റം വരുത്താനാവില്ല: കേന്ദ്രം

ന്യൂഡല്‍ഹി: ഇടുക്കി ജില്ലയിലുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണം. ഇതിനായി കേരളത്തിന്റെ ഭാഗത്തുനിന്ന് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വനം  പരിസ്ഥിതി മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറിഞ്ഞി ഉദ്യാനമെന്നല്ല ഇത്തരത്തിലുള്ള ഏത് സങ്കേതത്തിന്റേയും വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ആവശ്യമാണെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി മഹേഷ് ശര്‍മ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെയും ദേശീയ വന്യജീവി ബോര്‍ഡിനെ അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരായതിനാല്‍ സംസ്ഥാനത്തിന് കൈമാറിയതായും മന്ത്രി വ്യക്തമാക്കി. 2006ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതുവരെയും അന്തിമ വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനിടെ വ്യാജപട്ടയങ്ങളും മുക്ത്യാറും ഉപയോഗിച്ചുള്ള അനധികൃത കൈയേറ്റം ഇവിടെ വ്യാപകമാവുകയും ചെയ്തിരുന്നു. അതിനിടെ, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മൂന്നംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
Next Story

RELATED STORIES

Share it