wayanad local

കുറിച്യര്‍മല എസ്റ്റേറ്റില്‍ തൊഴിലാളി പ്രശ്‌നം



പൊഴുതന: പിവീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കുറിച്യര്‍മല എസ്റ്റേറ്റില്‍ തൊഴിലാളികളും മാനേജ്‌മെന്റും തമ്മിലുള്ള പോര് മുറുകുന്നു. ദിവസങ്ങള്‍ക്കു മുമ്പ് തോട്ടംതൊഴിലാളികളുടെ ശമ്പളം വൈകുന്നതിനെതിരേയും കുടിശ്ശിക വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് മാനേജരുടെ വസതിക്കു മുന്നില്‍ തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയിലെ അഞ്ചു സ്ഥിരം തൊഴിലാളികളെ മാനേജ്‌മെന്റ് മുന്നറിയിപ്പില്ലാതെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ ഓഡര്‍ നല്‍കിയതിനെ തുടര്‍ന്ന് കമ്പനിയിലെ ജനറല്‍ മാനേജരടക്കം മൂന്നു ജീവനക്കാര്‍ എസ്റ്റേറ്റില്‍ നിന്നും ദിവസങ്ങളായി മാറിനില്‍ക്കുന്നതായും ഇവര്‍ എസ്റ്റേറ്റുമായി ബന്ധപ്പെടാറില്ലെന്നും തൊഴിലാളികള്‍ പറയുന്നു. നിലവില്‍ 400 ഏക്കറിലായി 150ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കാപ്പി, തേയില എന്നി വിളകളുള്ള എസ്റ്റേറ്റ് നോക്കി നടത്താന്‍ ആളില്ലാത്ത സ്ഥിതിയിലാണ്. കാപ്പി, കുരുമുളക് എന്നിവയുടെ വിളവെടുപ്പ് ആരംഭിക്കാനിരിക്കെ തൊഴിലാളി പ്രശ്‌നം കടുത്ത സാമ്പത്തിക നഷ്ടത്തിനിടയാക്കും. കഴിഞ്ഞ ആഗസ്തിലും ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ റോഡ് ഉപരോധിച്ചിരുന്നു. ഒരാഴ്ചയോളം കഴിഞ്ഞിട്ടും തൊഴിലാളികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മാനേജ്‌മെന്‍് തയ്യാറാവാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
Next Story

RELATED STORIES

Share it