Kottayam Local

കുറവിലങ്ങാട് ഗവ. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കും ; 20 ലക്ഷം രൂപ അനുവദിച്ചു



കുറവിലങ്ങാട്: താലൂക്ക് ആശുപത്രിയുടെ നിലവിലെ കെട്ടിട സമുച്ചയം കാലപ്പഴക്കം മൂലം ശോച്യാവസ്ഥയിലാവുകയും ചോര്‍ന്നൊലിക്കുകയും ചെയ്യുന്ന ദുരവസ്ഥയ്ക്ക് അടിയന്തരപരിഹാരമുണ്ടാക്കുന്നതിന് എംഎല്‍എ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കുറവിലങ്ങാട് ഗവ. ആശുപത്രിയുടെ പ്രധാന ബ്ലോക്ക് മഴക്കാലത്ത് നനഞ്ഞൊലിക്കുന്നതും ജീര്‍ണാവസ്ഥയിലായതുമായ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് ടി കീപ്പുറം കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യന്‍, ബ്ലോക്ക് മെംബര്‍മാരായ ആന്‍സി ജോസ്, സി എം ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയതിന്റെ ഭാഗമായാണു പ്രശ്‌ന പരിഹാരത്തിന് എംഎല്‍എ ഫണ്ട് ലഭ്യമാക്കിയത്. കുറവിലങ്ങാട് ഗവ. ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ കെട്ടിട സമുച്ചയവും തസ്തികകളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും അനുകൂല നടപടികള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, ഇതൊക്കെ നടപ്പാവുന്നതു വരെ നിലവിലെ കെട്ടിടങ്ങളാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുഖ്യ ആശ്രയമായിട്ടുള്ളത്. പ്രധാനപ്പെട്ട വികസനപദ്ധതികള്‍ നടപ്പാവുന്നതു വരെ ആശുപത്രിയില്‍ എത്തുന്നവര്‍ക്കു സുരക്ഷിത ചികില്‍സാ സൗകര്യം ലഭിക്കണമെന്നതിനാലാണ് അടിയന്തരാവശ്യങ്ങള്‍ നിറവേറ്റാന്‍ എംഎല്‍എ ഫണ്ട് അനുവദിച്ചതെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. ഉടന്‍ പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്ത് നടപ്പാക്കാനാവശ്യമായ നിര്‍ദേശം നല്‍കിയതായി അദ്ദേ ഹം അറിയിച്ചു.
Next Story

RELATED STORIES

Share it