thrissur local

കുറഞ്ഞ വിലയ്ക്കുള്ള മുദ്ര പത്രങ്ങള്‍ കിട്ടാനില്ല; ജനം ദുരിതത്തില്‍

കെ എം അക്്ബര്‍
ചാവക്കാട്: കുറഞ്ഞ വിലയ്ക്കുള്ള മുദ്ര പത്രങ്ങള്‍ കിട്ടാനില്ല. ജനം ദുരിതത്തില്‍. 10, 20, 50, 100 രൂപയുടെ മുദ്ര പത്രങ്ങള്‍ക്കാണ് മാസങ്ങളായി ക്ഷാമം നേരിടുന്നത്. സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങള്‍ക്കും റജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കുമാണ് കുറഞ്ഞ തുകയ്ക്കുള്ള മുദ്ര പത്രങ്ങള്‍ കൂടുതലായും ആവശ്യം വരുന്നത്.
വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ആവശ്യം വരുന്ന 5, 10 രൂപകളുടെ കോര്‍ട്ട് ഫീ സ്റ്റാംപും ലഭ്യമല്ല. സ്‌കോളര്‍ഷിപ് പോലുള്ള ആവശ്യങ്ങള്‍ക്കും വായ്പ ആവശ്യങ്ങള്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇവ അനിവാര്യമാണ്. കുറഞ്ഞ തുകയ്ക്കുള്ള മുദ്ര പത്രങ്ങള്‍ ലഭിക്കാനില്ലാത്തതിനാല്‍ പലരും കൂടിയ വിലയ്ക്കുള്ളവ വാങ്ങേണ്ട അവസ്ഥയാണ്. മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം മൂലം ഭൂമി ഇടപാടുകള്‍ മുടങ്ങിയിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള വിവിധ ആനുകൂല്യ വിതരണവും പ്രതിസന്ധിയിലായി. ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ ലഭിക്കാതായതോടെ ഇതിന് പകരം 500 രൂപയുടെ മുദ്രപത്രങ്ങളാണ് ഉപയോഗിക്കേണ്ടി വരുന്നത്.
ആധാരത്തിന്റെ പകര്‍പ്പ് എടുക്കേണ്ടി വരുന്നതും ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ ലഭിക്കാത്തത് പ്രയാസമുളവാക്കുന്നുണ്ട്. മുദ്രപത്രങ്ങള്‍ക്ക് നേരിടുന്ന ക്ഷാമം മൂലം ആനുകൂല്യ വിതരണങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. നോട്ട് നിരോധനത്തിന് ശേഷമാണ് ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങളുടെ വരവ് മുടങ്ങിയത്. വിവിധ കരാറുകള്‍, വാടക ഉടമ്പടികള്‍, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്കുകളിലെ വായ്പാ ഉടമ്പടികള്‍, നോട്ടറി അഫിഡമിറ്റ് തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ചെറിയ തുകയുടെ മുദ്രപത്രം അനിവാര്യമാണ്.
ആവശ്യമായ മുദ്രപത്രം ലഭിക്കാത്ത സാഹചര്യത്തില്‍ കൂടിയ വിലയുടെ പത്രം വാങ്ങിയാണ് പലരും കാര്യം നടത്തുന്നത്. ഇതു സര്‍ക്കാരിന് വരുമാനം വര്‍ധിക്കുമെങ്കിലും സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുകയാണ്. ഇതിനിടെ ഇസ്റ്റാമ്പിംഗ് വ്യാപകമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ചെറിയതുകയുടെ  മുദ്രപത്രങ്ങള്‍ അച്ചടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് മുദ്രപത്രങ്ങളുടെ ക്ഷാമത്തിനു കാരണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
നേരത്തെ ജനന സര്‍ട്ടഫിക്കറ്റിനും മറ്റും നഗരസഭ,പഞ്ചായത്ത് ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം 50 രൂപയില്‍ കുറയാത്ത തുകയുടെ മുദ്രപത്രവും നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റുകളും മറ്റും അക്ഷയ കേന്ദ്രം വഴിയാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ മുദ്രപത്രത്തിന്റെ ആവശ്യം ഒഴിവാകുകയാണ്.
ഇതിനിടെ മുദ്ര പത്രത്തിനു ക്ഷാമം അനുഭവപ്പെടുന്നതിനിടെ റവന്യൂ സ്റ്റാമ്പും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട പല രേഖകള്‍ക്കും നല്‍കുന്ന അപേക്ഷയിലും റവന്യൂ സ്റ്റാമ്പ് പതിക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it