thrissur local

കുറഞ്ഞ ചെലവില്‍ പുതുമയുള്ള വീടൊരുക്കി സന്ദീപ് പോത്താനി

ഇരിങ്ങാലക്കുട: കുറഞ്ഞ ചിലവില്‍ പുതുമയുള്ള വീടൊരുക്കി സന്ദീപ് പോത്താനി ശ്രദ്ധേയനാകുന്നു. വെറും അഞ്ച് ലക്ഷം രൂപ ചിലവിലാണ് പടിയൂര്‍ പഞ്ചായത്തിലെ പോത്താനിയില്‍ സന്ദീപ് മനോഹരമായ വീടൊരുക്കിയിരിക്കുന്നത്. സന്ദീപ് തന്നെ രൂപകല്‍പന ചെയ്തു നിര്‍മിച്ചതാണീ വീട്. വീടുപണിയാനായി മരങ്ങള്‍ മുറിച്ചുമാറ്റില്ല. ചുറ്റുപാടില്‍നിന്ന് ലഭിക്കുന്ന നിര്‍മാണ സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കും. അതില്‍തന്നെ ഓട് അടക്കമുള്ളവ പഴയതുമാത്രം മതി എന്നിങ്ങനെയുള്ള കടുത്ത നിലപാടുകള്‍ സന്ദീപ് കൈക്കൊണ്ടു. പുതിയ നിര്‍മാണസാമഗ്രികള്‍ കഴിവതും ഒഴിവാക്കുക. പുനരുപയോഗിക്കാവുന്ന സാധനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. അങ്ങനെ, വീടുപണിയുടെ പേരില്‍ നടത്തുന്ന പ്രകൃതിചൂഷണ നടപടികളില്‍നിന്ന് ആവുന്നത്ര അകലം പാലിക്കുക - ഇതായിരുന്നു ആഗ്രഹം. രണ്ടു കിടപ്പുമുറി, അടുക്കള, ഒരു ഹാള്‍, ഹാളിനുള്ളില്‍ ചെറിയ ഓപ്പണ്‍ കിച്ചന്‍, രണ്ടു ബാത്ത് റൂം, മൂന്നു ഭാഗത്തും നീളമുള്ള വരാന്തകള്‍ എന്നിവയാണ് വീട്ടിലുള്ളത്. മൊത്തം 900 ചതുരശ്ര അടി വിസ്തീര്‍ണം. മുന്‍വശത്തെ വാതിലുകളും ജനല്‍പ്പാളികളും തടിയിലാണ്. പൊക്കമുള്ള ജനാലകളുടെ അഴികള്‍ നിര്‍മിക്കാന്‍ ഇരുമ്പ് ഉപയോഗിച്ചു. ഇഷ്ടികയും സിമന്റ് കട്ടയുമാണു നിര്‍മാണത്തിനു ഉപയോഗിച്ചത്. ചില ഭിത്തികള്‍ നിര്‍മിതിമോഡലില്‍ ഉള്ളു പൊള്ളയായ രീതിയിലാണു നിര്‍മിച്ചിരിക്കുന്നത്. മേല്‍ക്കൂരയില്‍ ഇരുമ്പ് പൈപ്പുകള്‍ക്കു മുകളില്‍ പഴയ ഓടുകള്‍ പാകിയിരിക്കുന്നു. ചെലവു കുറയുക മാത്രമല്ല, വീടിനുള്ളിലെ ചൂടു കുറയ്ക്കാനും ഇതുമൂലം സാധിച്ചു.
Next Story

RELATED STORIES

Share it