malappuram local

കുരുന്നുപൂക്കള്‍ക്കു വിട

എടപ്പാള്‍: നന്നംമുക്ക് നരണിപുഴയില്‍ തോണിയപകടത്തില്‍ മരണമടഞ്ഞ കുരുന്നുകള്‍ക്ക് വിട. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടന്ന ഇന്‍ക്വസ്റ്റിനുശേഷം എട്ടോടെയാണ് ആശുപത്രിയില്‍ നിന്നും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കൊണ്ടുപോയത്.
അപകടം നടന്ന നരണിപ്പുഴയ്ക്കടുത്ത സെന്ററില്‍ മരണമടഞ്ഞ ആറുപേരുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി വെച്ചു. മണിക്കൂറുകളോളം ആയിരക്കണക്കായ ജനങ്ങള്‍ മൃതദേഹം ഒരു നോക്കുകാണാനും അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാനുമായി നരണിപുഴയില്‍ കാത്തുനിന്നിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു ജനങ്ങള്‍ നരണിപ്പുഴ സെന്ററിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മരണമടഞ്ഞ ആദിനാഥിന്റേയും ആദിദേവിന്റേയും മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ അവരവരുടെ വീടുകളിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോയി. മറ്റു നാലു കുട്ടികളുടേയും മൃതദേഹങ്ങള്‍ വൈകീട്ട് മൂന്നരയ്ക്കാണ് സംസ്‌കരിക്കാനെടുത്തത്. വൈഷ്ണയുടേയും പൂജയുടേയും ജനീഷയുടേയും പ്രസീനയുടേയും മൃതദേങ്ങള്‍ വൈകീട്ട് അഞ്ചിന് പൊന്നാനി ഈശ്വരമംഗലത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ശവസംസ്‌കാര ചടങ്ങിലും മരണമടഞ്ഞ കുട്ടികളുടേയും വീടുകളിലും ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍, നിയമസഭാ സ്പീക്കറും സ്ഥലം എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണന്‍, പൊന്നാനി തഹസില്‍ദാര്‍, തിരൂര്‍ ആര്‍ഡിഒ എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, വിന്‍സന്റ് എംഎല്‍എ, പി ടി അജയ്‌മോഹന്‍, സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, എസ്ഡിപിഐ നേതാക്കളായ എ കെ അബ്ദുല്‍ മജീദ്, മരക്കാര്‍ മാങ്ങാട്ടൂര്‍ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ കുട്ടികളുടെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ച സ്ഥലത്തുമെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it