Kollam Local

കുരുന്നുകളെ വരവേല്‍ക്കാന്‍ അക്ഷരമുറ്റങ്ങള്‍ ഒരുങ്ങി

കൊല്ലം: രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. 20000ത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വ്യത്യസ്ഥങ്ങളായ പരിപാടികളാണ് ഓരോ വിദ്യാലയങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേനലവധിയുടെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്നു വര്‍ണങ്ങള്‍ വാരിയണിഞ്ഞ് വിദ്യാലയങ്ങള്‍ മധുരം നല്‍കി കുട്ടികളെ അറിവിന്റെ ലോകത്തേക്കു സ്വീകരിക്കും. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ജില്ലാതല പ്രവേശനോല്‍സവം എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ കടയ്ക്കല്‍ ഗവ. എച്ച്എസ്എസിലാണ് ഇത്തവണ നടക്കുന്നത്. ഇതിന് പുറമെ എല്ലാ സ്‌ക്കൂളുകളിലും പ്രവേശനോല്‍സവം നടത്തും. ഇത്തവണ ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകുന്ന രീതിയിലായിരിക്കും ചടങ്ങുകള്‍. കുട്ടികളെ അധികനേരം നിര്‍ത്തിയുള്ള പരിപാടികള്‍ ഉണ്ടാകില്ല. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തിലെയും പട്ടിക വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ക്കും നാളെ യൂനിഫോം സൗജന്യമായി വിതരണം ചെയ്യും.

ഓരോ കുട്ടികള്‍ക്കും രണ്ടു ജോഡി യൂനിഫോമാണ് നല്‍കുക. ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്തല പ്രവര്‍ത്തനങ്ങള്‍ക്കുള്ള പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് അധ്യാപകര്‍ക്ക് 500 രൂപ വീതം നല്‍കും. സ്‌കൂള്‍ ഗ്രാന്റായി എല്‍പി വിഭാഗത്തില്‍ 5000 രൂപയും യുപി വിഭാഗം സ്‌ക്കൂളുകള്‍ക്ക് 7000 രൂപയും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റായി 7500 രൂപയും നല്‍കിയിട്ടുണ്ട്. പ്രവേശനോല്‍സവത്തിന് മുന്നോടിയായി ഇന്ന് സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ കൂട്ടായ്മയായ 'ഒരുക്കം' സംഘടിപ്പിക്കും.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 18,651 കുട്ടികളാണ് ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. ഇതില്‍ 9348 ആണ്‍കുട്ടികളും 9303 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലെത്തിയത്. 8471 കുട്ടികള്‍. എയ്ഡഡ് സ്‌കൂളുകളില്‍ 6442 വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 3738 വിദ്യാര്‍ഥികളും പ്രവേശനം നേടിയിരുന്നു. 2014ല്‍ കൊല്ലം ജില്ലയില്‍ 18591 വിദ്യാര്‍ഥികളായിരുന്നു ഒന്നാം ക്ലാസിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി ജില്ലയില്‍ 2,57,926 വിദ്യാര്‍ഥികളാണ് പഠിച്ചത്. സ്‌കൂള്‍ തുറന്ന് ഒരാഴ്ച്ചയ്ക്കകം മാത്രമെ ഇക്കൊല്ലത്തെ കൃത്യമായ കണക്ക് ലഭ്യമാവുകയുള്ളൂ.
അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥാപന,വിദ്യാലയ മേധാവികള്‍ കര്‍ശനമായി പാലിച്ചിരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ മേധാവികളെയും രേഖാമൂലം സിറ്റി പോലിസ് അറിയിച്ചിട്ടുണ്ട്. നാളെ പൊതുനിരത്തുകളിലെ തിരക്ക് കുറക്കുവാന്‍ ഇതര ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവര്‍ അവരവരുടെ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി യാത്രക്കായി പരമാവധി പൊതു യാത്രാ വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കണമെന്നും പോലിസ് അഭ്യര്‍ഥിച്ചു.
എല്ലാ വിദ്യാലയ അധികൃതരും അവരവരുടെ വിദ്യാലയങ്ങളില്‍ കാര്യപ്രാപ്തിയുള്ള ഒരധ്യാപകനെയോ അധ്യാപികയെയോ 'സ്‌കൂള്‍ സേഫ്റ്റി ഓഫിസര്‍' ആയി നിയമിക്കാന്‍ പോലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ തന്നെ എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും പ്രധാന കേന്ദ്രങ്ങളിലും കുറ്റമറ്റ വിധത്തിലുള്ള പോലിസ് സുരക്ഷ ഉറപ്പുവരുത്തുവാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കും ഡോര്‍ അറ്റന്‍ഡന്റ്മാര്‍ക്കുമുളള പരിശീലനം സിറ്റി പോലിസിന്റെ ആഭിമുഖ്യത്തില്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it