Idukki local

കുരുന്നുകളെ കുത്തിനിറച്ച് വാഹനങ്ങളുടെ അപകട യാത്ര

തൊടുപുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കുരുന്നുകളെ കുത്തിനിറച്ച് പായുന്ന വാഹനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. സ്‌കൂളുകളുടെയും മറ്റും വാഹനങ്ങളും സമാന്തരമായി കുട്ടികളെയും കൊണ്ടു പോവുന്ന ഓട്ടോറിക്ഷ, വാന്‍ തുടങ്ങിയവയിലും യാതൊരു സുരക്ഷയും ഉറപ്പുവരുത്തുന്നില്ലെന്ന ആക്ഷേപവും ശക്തമായി. ആപേ ഓട്ടോറിക്ഷയുടെ പിന്‍വശത്തുപോലും കുട്ടികളെ തിരുകിക്കയറ്റി പായുന്ന വാഹനങ്ങളും അനവധിയാണ്. എന്നാല്‍, ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് അധികം വാഹനങ്ങളും നിരത്തിലിറങ്ങുന്നത്. ഓട്ടോറിക്ഷകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിലേറെയും. ഇതിനുപുറമേ മിനി വാനുകളിലും ജീപ്പുകളിലും മറ്റും വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കുട്ടികളെ കൊണ്ടുപോവുന്നതു പതിവുകാഴ്ചയാണ്. പത്തിലധികം കുട്ടികളുമായാണു രാവിലെയും വൈകീട്ടും ചില ഓട്ടോറിക്ഷകള്‍ പായുന്നത്. ഡ്രൈവറുടെ സീറ്റില്‍ വരെ കുട്ടികളെ ഇരുത്തിക്കൊണ്ടും പിന്നില്‍ കൊച്ചുകുട്ടികളെ നിര്‍ത്തിയും കൊണ്ടുപോവുന്നുണ്ട്. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ മാത്രമാണ് ഉണ്ടാവുക. പിന്നിലെ സീറ്റില്‍ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പുറത്തേക്കു കൈയോ തലയോ ഇട്ടാല്‍ പോലും ഡ്രൈവര്‍ അറിയാറില്ല. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പല വാഹനങ്ങളും അമിതവേഗത്തിലാണു സഞ്ചരിക്കുന്നതും. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതും കുറവുള്ളതുമായ പ്രദേശങ്ങളില്‍ നിന്നുള്ളവരാണു കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ പ്രധാനമായും ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്നത്. സ്വകാര്യ ബസ്സുകളിലെ തിക്കുംതിരക്കും കണക്കിലെടുത്തു കുട്ടികളെ ഓട്ടോറിക്ഷകളിലും മറ്റും അയയ്ക്കുന്ന രക്ഷിതാക്കളുമുണ്ട്. എന്നാല്‍ ലാഭം നോക്കി ഒറ്റ ട്രിപ്പില്‍ പരമാവധി കുട്ടികളെ കുത്തിനിറയ്ക്കുകയാണു ചില ഡ്രൈവര്‍മാര്‍. ചില സ്‌കൂള്‍ ബസ്സുകളും മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു കുട്ടികളെ കൊണ്ടുപോവുന്നതെന്നു പരാതിയുണ്ട്. പല സ്‌കൂള്‍ ബസ്സുകളിലും സീറ്റിങ് കപ്പാസിറ്റിക്കു മുകളിലാണു വിദ്യാര്‍ഥികളുടെ എണ്ണം. ഇതിനെതിരെ പ്രതികരിക്കാന്‍ രക്ഷിതാക്കള്‍പോലും തയ്യാറാവുന്നില്ല. മറ്റ് സ്ഥലങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായും മറ്റും നഗരത്തിലെത്തുന്ന ചില ഓട്ടോറിക്ഷകള്‍ വൈകീട്ടുവരെ നഗരത്തിലൂടെ അനധികൃതമായി സര്‍വീസ് നടത്തുന്നതായും പരാതിയുണ്ട്. നേരത്തെ രാവിലെയും വൈകുന്നേരങ്ങളിലും സ്‌കൂള്‍ കുട്ടികളുമായി വാഹനങ്ങള്‍ പരിശോധിക്കാന്‍ പോലിസ് അടക്കമുള്ള സംവിധാനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ അതും നിലച്ചു.സ്‌കൂള്‍ വാഹനങ്ങള്‍ മദ്യലഹരിയില്‍ ഓടിച്ച് ഡ്രൈവര്‍മാര്‍ ജില്ലയുടെ പല ഭാഗങ്ങളി ല്‍ നിന്നും പിടിയിലായത് കുറച്ചു നാള്‍ മുമ്പാണ്. പരിശോധന കാര്യക്ഷമമാക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it