malappuram local

കുരുന്നുകളുടെ അധ്യയനം ഭീതിയുടെ നിഴലില്‍

എടക്കര: തകര്‍ച്ചാഭീഷണി നേരിടുന്ന അങ്കണവാടിയില്‍ കുരുന്നുകളുടെ അധ്യായനം ഭീതിയുടെ നിഴലില്‍. പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തിലെ വാണിയംപുഴ കോളനിയിലെ 18 കുരുന്നുകളാണ് അങ്കണവാടിയുടെ ശോച്യാവസ്ഥയെത്തുടര്‍ന്ന് അപകടഭീഷണി നേരിടുന്നത്.
മുണ്ടേരി വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വാണിയംപുഴ കേളാനിയില്‍ ഐടിഡിപിയുടെ കീഴില്‍ 1985ല്‍ സ്ഥാപിച്ച ബാലവാടിയാണ് പിന്നീട് അങ്കണവാടിയായി മാറ്റിയത്. 1994ലാണ് കെട്ടിടം അങ്കണവാടിയായി പ്രഖ്യാപിക്കുന്നത്. കെട്ടിടം നില്‍ക്കുന്ന സ്ഥലം സംബന്ധിച്ച നടപടിക്രങ്ങള്‍ നടത്താതിരുന്നതാണ് നാളിതുവരെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തടസ്സമായി നിന്നത്. എന്നാല്‍, രണ്ടുമാസം മുമ്പ് മാത്രമാണ് പഞ്ചായത്തിന് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
കോളനിക്കാരനായ വെള്ളനും ഈ സ്ഥലത്തിന് അവകാശവാദവുമായി രംഗത്തുണ്ട്. മുന്‍ ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണ് സ്ഥലം വിട്ടുകിട്ടുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനും തടസ്സമായതെന്ന് കോളനിക്കാര്‍ പറയുന്നു. ഐടിഡിപിയും നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തും കോളനിയില്‍ അങ്കണവാടി നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഭൂമി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കത്താല്‍ കെട്ടിടം പൂര്‍ണമായി ചോര്‍ന്നൊലിച്ച് തകര്‍ച്ചാ ഭീഷണിയിലാണ്.
അധ്യായനം അസാധ്യമായതോടെ ജീവനക്കാരും കുട്ടികളും ദുരിതത്തിലാണിപ്പോള്‍. വനത്തില്‍ നിന്നു കൊണ്ടുവരുന്ന ചോലവെള്ളമാണ് ഭക്ഷണം പാകം ചെയ്യാനും, മറ്റ് ആവശ്യങ്ങള്‍ക്കുമായി അങ്കണവാടിയില്‍ ഉപയോഗിക്കുന്നത്.
വാണിയംപൂഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ കോളനികളുടെ സമഗ്ര വികസനത്തിന് ആറുകോടി രൂപ അഡീഷനല്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്ലാനില്‍(എടിഎസ്പി) ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it