കുരുതി മണ്ണില്‍ ജീവിക്കുന്നു ബോംബ് രാഷ്ട്രീയത്തിന്റെ ഇരകള്‍

സമദ് പാമ്പുരുത്തി

കണ്ണൂര്‍: കൊന്നും കൊല്ലാക്കൊല ചെയ്തും വൈര്യം തീര്‍ക്കുന്ന കണ്ണൂര്‍ ജില്ലയിലെ കുടിപ്പക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളില്‍ നാടോടിയായ വീട്ടമ്മയും. മാലിന്യം കത്തിക്കവേ ബോംബ് പൊട്ടി ചാലാട് ചുള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രാഷ്ട്രീയ അക്രമങ്ങള്‍ക്കായി ഒളിപ്പിച്ചബോംബുകള്‍ പൊട്ടിയാണു വീട്ടമ്മ അപകടത്തില്‍പ്പെട്ടതെന്നാണ് പോലിസിന്റെ നിഗമനം. പരസ്പരം പൊട്ടിച്ചുകളിക്കുന്ന ബോംബ് രാഷ്ട്രീയത്തിന്റെ ഇരകള്‍ ജില്ലയില്‍ നിരവധി. ജീവന്‍ പൊലിഞ്ഞവര്‍ക്ക് പുറമെ അംഗഭംഗം വന്നവര്‍, ജീവച്ഛവമായി കഴിയുന്നവര്‍, മരണത്തോടു മല്ലിട്ടുകഴിയുന്നവര്‍. അമാവാസി എന്ന പൂര്‍ണചന്ദ്രനെ പ്രബുദ്ധ കേരളം ഒരിക്കലും മറക്കില്ല. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരയാവുകയും ഒടുവില്‍ സര്‍ക്കാരിന്റെ ദത്തുപുത്രനാവുകയും ചെയ്ത തമിഴ് നാടോടി ബാലന്‍. 1998ല്‍ തലശ്ശേരിയില്‍ പാഴ്‌വസ്തുക്കള്‍ പെറുക്കി നടക്കവേ റോഡരികില്‍നിന്ന് കിട്ടിയ സ്റ്റീല്‍പാത്രം ചുറ്റിക കൊണ്ട് അടിച്ചുതുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര സ്‌ഫോടനം കേട്ടതു മാത്രമാണ് ഓര്‍മയില്‍. ബോംബ് അപഹരിച്ചത് അമാവാസിയുടെ ഒരു കണ്ണും കൈയുമായിരുന്നു. ഇതിനിടെ ചികില്‍സയിലൂടെ കാഴ്ച തിരിച്ചുകിട്ടിയെങ്കിലും കൈ തിരിച്ചുനല്‍കാനായില്ല. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിചെയ്യുകയാണ് പൂര്‍ണചന്ദ്രന്‍ ഇപ്പോള്‍. 2000 സപ്തംബറില്‍ തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ദിവസം ചെറുവാഞ്ചേരിയിലെ അഷ്‌ന എന്ന അഞ്ചുവയസ്സുകാരിക്ക് കാല്‍ നഷ്ടപ്പെട്ട സംഭവം മറ്റൊരു ഉദാഹരണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ബോംബേറില്‍ അഷ്‌നയുടെ കാല്‍പാദം അറ്റുപോവുകയായിരുന്നു. മാസങ്ങളോളം നീണ്ട ചികില്‍സക്കൊടുവില്‍ വലതുകാല്‍ മുട്ടില്‍കീഴെ മുറിച്ചുമാറ്റി കൃത്രിമക്കാല്‍ വച്ചു. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടി. ഒടുവില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഡോക്ടറായി. ഇതിനു ശേഷവും പാനൂരിലും തലശ്ശേരിയിലും ബോംബുകള്‍ പൊട്ടി കുട്ടികള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിരുന്നു. 2011 എലാങ്കോട് വൈദ്യര്‍പീടികയ്ക്ക് സമീപം രണ്ടു മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. റോഡരികില്‍ കണ്ട വസ്തു ചവിട്ടിയപ്പോള്‍ പൊട്ടുകയായിരുന്നു. 2012ല്‍ തൂവക്കുന്ന് കള്ളുഷാപ്പിനു സമീപം പറമ്പില്‍ ജോലിചെയ്യുകയായിരുന്ന കേളോത്തുകണ്ടി ബാബുവിന്റെ രണ്ടു കണ്ണുകളും നഷ്ടമായത് മണ്ണിനടിയില്‍ സൂക്ഷിച്ച ബോംബില്‍ തൂമ്പ തട്ടിയതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചായിരുന്നു. 2012ല്‍ തന്നെ വള്ളങ്ങാട് വാടകവീട്ടില്‍നിന്ന് സ്‌ഫോടനത്തില്‍ ജലാലുദ്ദീന്‍ ബഹാദൂര്‍ എന്ന ബംഗാള്‍ യുവാവ് കൊല്ലപ്പെട്ടു. 2014ല്‍ പാനൂര്‍ അയ്യപ്പ ക്ഷേത്ര പരിസരത്തുനിന്ന് ബോംബ് പൊട്ടി മധ്യപ്രദേശ് സ്വദേശി അഭിഷേകിന്റെ വലതുകൈപ്പത്തി നഷ്ടമായി. ഇങ്ങനെ ചെറുതും വലുതുമായ നിരവധി സ്‌ഫോടനങ്ങള്‍ ജില്ലയില്‍ അരങ്ങേറുമ്പോഴും കാര്യമായ അന്വേഷണം നടത്താനോ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനോ പോലിസിനു കഴിഞ്ഞിട്ടില്ല. കണ്ണൂരിലെ ബോംബ് രാഷ്ട്രീയം രാജ്യം മുഴുവന്‍ ഇതിനകം ചര്‍ച്ചയായെങ്കിലും കണ്ണും ചെവിയുമില്ലാത്ത അക്രമരാഷ്ട്രീയത്തിന് ഇതൊന്നും വലിയ വിഷയമായി തോന്നുന്നില്ല.
Next Story

RELATED STORIES

Share it