Kollam Local

കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ തീപ്പിടിത്തം സ്ഥിരം സംഭവമാകുന്നു

കൊല്ലം: കുരീപ്പുഴ ചാണ്ടി ഡിപ്പോയിലെ മാലിന്യ കൂമ്പാരത്തിന് വീണ്ടും തീപ്പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. ചാമക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയും ഇവിടെ തീപ്പിടുത്തമുണ്ടായിരുന്നു. കൊല്ലത്തുനിന്നും ചാമക്കടയില്‍നിന്നും എത്തിയ അഗ്നിശമനസേനാ യൂനിറ്റുകള്‍ രാത്രി 12 മണിവരെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. നാലു യൂനിറ്റുകളാണ് തീ അണയ്ക്കാന്‍ പരിശ്രമിച്ചത്. കൂടുതലും പ്ലാസിറ്റിക് മാലിന്യങ്ങളായതിനാല്‍ പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തീപ്പിടുത്തത്തെ തുടര്‍ന്ന് കറുത്ത പുക പ്രദേശത്താകെ പടര്‍ന്ന് പരിസരവാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, ചണ്ടി ഡിപ്പോയില്‍ തീപ്പിടുത്തങ്ങള്‍ ആസൂത്രിതമാണെന്ന ആരോപണം ഉയരുന്നുണ്ട്. ഇവിടെ വാച്ചര്‍മാര്‍ ഉള്‍പ്പടെ ഉണ്ടെങ്കിലും തുടക്കത്തില്‍ തീ അണയ്ക്കാന്‍ കഴിയാത്തത്താണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്. നഗരത്തിലെ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ മുഴുവന്‍ ഇപ്പോള്‍ ഇവിടെ തമ്പടിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ശനിയാഴ്ച രാത്രി മാത്രം 18,000 ലിറ്റര്‍ വെള്ളമാണ് ഇവിടെ ഉപയോഗിക്കേണ്ടിവന്നത്. രണ്ട് വര്‍ഷം മുമ്പ് നഗരത്തില്‍ പെയിന്റ് കടയിലുണ്ടായ അഗ്നിബാധ വേഗം നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിയാതെ പോയത് ഫയര്‍ എന്‍ജിനുകള്‍ മുഴുവന്‍ ചണ്ടി ഡിപോയില്‍ കിടന്നതുകൊണ്ടായിരുന്നു. മനപ്പുര്‍വം സൃഷ്ടിക്കുന്ന തീപ്പിടുത്തങ്ങള്‍ മൂലം അടിയന്തര ഘട്ടങ്ങളില്‍ നഗരത്തില്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭിക്കാതിരുന്നതിനും ഇടയാക്കുന്നുണ്ട്. ഡിപോയില്‍ തീപ്പിടുത്തം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഇവിടെ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it